19 April Friday

ഏതൊരിന്ത്യക്കാരനും മനസിലാക്കേണ്ട പാഠങ്ങളാണ് സിബിഎസ്‌ ഇ അടര്‍ത്തിമാറ്റിയിരിക്കുന്നത്: പ്രതിഷേധവുമായി എസ്എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

തിരുവനന്തപുരം > കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിബിഎസ്ഇ സിലബസില്‍ നിന്ന് പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി എസഎഫ്‌ഐ. ഇന്ത്യയെ 'ഇന്ത്യ' ആക്കി നിലനിര്‍ത്തുന്ന വൈവിധ്യങ്ങളുടെ സൗന്ദര്യമാണ് നമ്മുടെ സത്തയെന്ന് ഓര്‍മിപ്പിക്കുന്ന ഫെഡറലിസം, ജാതി വിവേചനം, ജനാധിപത്യം, മതനിരപേക്ഷത, പൗരാവകാശം തുടങ്ങിയ ഏതൊരു ഇന്ത്യക്കാരനും ഏതൊരു മനുഷ്യനും അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യങ്ങള്‍ അടങ്ങുന്ന ഭാഗങ്ങളാണ് സി.ബി.എസ്.ഇ അടര്‍ത്തിമാറ്റിയിരിക്കുന്നതെന്ന് എസ്എഫ്‌ഐ പറഞ്ഞു.

കോവിഡ് കാലത്ത് മനുഷ്യര്‍ ജാതിയും മതവും മറന്ന് ജീവിക്കാനായി പൊരുതുകയും മരിച്ചു വീഴുകയും ചെയ്യുന്ന കാലഘട്ടത്തില്‍ പോലും ബിജെപി അവരുടെ വര്‍ഗീയ വിഷമടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മാറ്റിവെക്കാന്‍ തയ്യാറല്ല. അവരില്‍ നിന്ന് അങ്ങനെ പ്രതീക്ഷിക്കുന്നത് തന്നെ വലിയ അബദ്ധമാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കോവിഡ് കടന്നുവരുന്നതും അതിന്റെ മറവില്‍ സമരങ്ങളെ മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതും.

മനുഷ്യര്‍ സാമൂഹികമായി ഒന്നായി ഇരിക്കേണ്ട കാലഘട്ടത്തില്‍ പോലും രാഷ്ട്രീയ തിമിരത്താല്‍ മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ നടപടിയെ ശക്തമായ രീതിയില്‍ തന്നെ ഓരോ ജനാധിപത്യ വിശ്വാസിയും എതിര്‍ക്കേണ്ടതുണ്ട്.

ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇത്തരത്തിലുള്ള വര്‍ഗ്ഗീയ അജണ്ടയില്‍ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്തെ മുഴുവന്‍ ലോക്കല്‍ കേന്ദ്രങ്ങളിലും കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top