25 April Thursday
പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

എസ്‌എഫ്‌ഐ സമ്മേളനത്തിന്‌ പതാക ഉയർന്നു; നാളെ വിദ്യാർഥി റാലി

സ്വന്തം ലേഖകൻUpdated: Monday May 23, 2022

അഭിമന്യൂ നഗറിൽ സ്വാഗത സംഘം ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പതാക ഉയർത്തുന്നു

പെരിന്തൽമണ്ണ > പോരാട്ടത്തിന്റെ ധീരസ്‌മരണ തുടിക്കുന്ന വള്ളുവനാടിന്റെ ഹൃദയനഗരിയിൽ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. മുദ്രാവാക്യങ്ങൾ അലയടിച്ച അഭിമന്യു നഗറിൽ (പെരിന്തൽമണ്ണ മുനിസിപ്പൽ സ്‌റ്റേഡിയം) സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ പതാക ഉയർത്തി. ഇരുപത്തിയഞ്ചുമുതൽ 27 വരെ  ധീരജ്‌–-പി ബിജു നഗറിലാണ്‌ (ഏലംകുളം ഇ എം എസ്‌ സമുച്ചയം) പ്രതിനിധി സമ്മേളനം.

മഹാരാജാസ്‌ കോളേജിലെ അഭിമന്യു രക്തസാക്ഷി കുടീരത്തിൽനിന്ന്‌ പുറപ്പെട്ട പതാകജാഥയും രക്തസാക്ഷി ധീരജിന്റെ തളിപ്പറമ്പിലെ വസതിയിൽനിന്നുള്ള കൊടിമരജാഥയും ചാരുമൂട്ടിൽ അഭിമന്യുവിന്റെ വസതിയിൽ തുടങ്ങിയ ദീപശിഖാ ജാഥയും ചൊവ്വ രാത്രി എട്ടോടെ പെരിന്തൽമണ്ണ ജങ്ഷനിൽ സംഗമിച്ചു. നൂറുകണക്കിന് അത് ലറ്റുകളുടെ അകമ്പടിയോടെ മൂന്ന്‌ ജാഥകളും പൊതുസമ്മേളന നഗരിയിലേക്ക്‌ നീങ്ങി. കൊടിമരം സ്വാഗതസംഘം കൺവീനർ വി രമേശനും പതാക ട്രഷറർ ഇ രാജേഷും ദീപശിഖ കർഷകസംഘം മലപ്പുറം ജില്ലാ സെക്രട്ടറി സി ദിവാകരനും ഏറ്റുവാങ്ങി. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ജോയിന്റ് സെക്രട്ടറി ദീപ്ഷിത ജോയ്, സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻദേവ് എന്നിവർ പങ്കെടുത്തു.

ചൊവ്വാഴ്‌ച അരലക്ഷം വിദ്യാർഥികൾ അണിചേരുന്ന റാലിക്കുശേഷം വൈകിട്ട്‌ നാലിന്‌ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ഇരുപത്തിയഞ്ചിന്‌ രാവിലെ 9.30ന്‌‌ പ്രതിനിധി സമ്മേളനം സംസ്‌കാരിക ചിന്തകൻ രാം പുനിയാനി ഉദ്‌ഘാടനംചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 537 പേർ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top