20 April Saturday
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്‌എഫ്‌ഐയുടെ ഉജ്വല പ്രതിഷേധം

വിദ്യാഭ്യാസനയം കോർപറേറ്റുകൾക്കു വേണ്ടി: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021


തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം രാജ്യത്തിന്റെ പുരോഗതിക്കും വിദ്യാർഥികളുടെ താൽപ്പര്യത്തിനും വിരുദ്ധമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ സംഘടിപ്പിച്ച രാജ്‌ഭവൻ മാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റ്‌ മുതലാളിമാർക്ക്‌ കൊള്ളലാഭം ഉണ്ടാക്കുക എന്നതാണ്‌ പുതിയ നയത്തിന്റെ ഉള്ളടക്കം. ഇത്‌ വിദ്യാഭ്യാസരംഗത്തുനിന്നുള്ള സർക്കാർ പിന്മാറ്റത്തിന്റെ വേഗത വർധിപ്പിക്കും. സംഘപരിവാറിന്റെ താൽപ്പര്യമനുസരിച്ചാണ്‌ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നത്‌. ഓരോ വിദ്യാർഥിയെയും വർഗീയവൽക്കരിക്കാനുള്ള പരിശ്രമമാണ്‌ നടക്കുന്നത്‌. പാഠപുസ്‌തകങ്ങളും സിലബസുകളും ഇതിനായി മാറ്റിയെഴുതുന്നു.

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശത്രുവായി കാണുകയാണ്‌ പ്രധാനമന്ത്രി. ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായ ജെഎൻയു പേടിക്കേണ്ട സ്ഥാപനമായാണ്‌ മോദി കാണുന്നത്‌. സർവകലാശാലകളെ മതത്തിന്റെ കള്ളിയിലാക്കുന്ന അപകടകരമായ അവസ്ഥയാണുള്ളത്‌. സമൂഹത്തിലെ സമ്പത്തുള്ളവരിൽ സാമൂഹ്യനിയന്ത്രണം എത്തുന്നതരത്തിലുള്ള ഘടനാപരമായ മാറ്റമാണ്‌ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്നത്‌. മെരിറ്റുണ്ടെങ്കിൽ പോക്കറ്റിലിടാം പണമുണ്ടെങ്കിൽ പഠിക്കാം എന്നതാണ്‌ സ്ഥിതി.  വിദ്യാഭ്യാസനയം രൂപീകരിക്കാനുള്ള കമീഷനുകളിൽ വിദ്യാഭ്യാസ രംഗത്തുള്ളവരെയല്ല, കോർപറേറ്റു മുതലാളിമാരെയാണ്‌ അംഗങ്ങളാക്കുന്നത്‌. വിദ്യാർഥികളുടെ താൽപ്പര്യമല്ല, വിദ്യാഭ്യാസ കച്ചവടക്കാരുടെ താൽപ്പര്യമാണ്‌ പരിരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിന്‌ മുന്നിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന്‌ വിദ്യാർഥികൾ പങ്കെടുത്തു. രാജ്‌ഭവന്‌ മുന്നിൽ മാർച്ച്‌ പൊലീസ്‌ തടഞ്ഞു. തുടർന്ന്‌ നടന്ന ധർണയിൽ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌ അധ്യക്ഷനായി. സെക്രട്ടറി കെ എം സച്ചിൻദേവ്‌ എംഎൽഎ, കേന്ദ്ര കമ്മിറ്റിയംഗം ആദർശ്‌ എം സജി, സംസ്ഥാന സെക്രട്ടറിയറ്റംഗം റിയാസ്‌ വഹാബ്‌, ജില്ലാ പ്രസിഡന്റ്‌ എ ആർ രാഹുൽ, സെക്രട്ടറി ജെ ജെ അഭിജിത്‌ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top