24 April Wednesday
അക്രമിച്ചത്‌ യുഡിഎസ്‌എഫ്‌ നേതൃതവത്തിൽ മയക്കുമരുന്ന്‌ സംഘം

മേപ്പാടി പോളിയിൽ എസ്‌എഫ്‌ഐ വനിതാ നേതാവിന്‌ നേരെ കെഎസ്‌യു-എംഎസ്‌എഫ്‌ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

കൽപ്പറ്റ > മേപ്പാടി പോളി ടെക്‌നിക്‌ കോളേജിൽ എസ്‌എഫ്‌ഐ വനിതാ നേതാവിന്‌ നേരെ യുഡിഎസ്‌എഫിന്റെയും കോളേജിലെ മയക്കുമരുന്ന്‌ സംഘത്തിന്റെയും ക്രൂരമായ ആക്രമണം. എസ്‌എഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അപർണഗൗരിയെയാണ്‌ 30 അംഗം സംഘം അക്രമിച്ചത്‌. ഗുരുതര പരിക്കേറ്റ അപർണയെ മേപ്പാടി വിംസ്‌ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്‌ച പകൽ ഒന്നരയോടെയായിരുന്നു അക്രമണം. പോളിടെക്‌നിക്‌ യൂണിയൻ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണൽ ആരംഭിക്കുന്നതിന്‌ മുൻപായിരുന്നു അക്രമണം. കോളേജിൽ എസ്‌എഫ്‌ഐ ചുമതലയുണ്ടായിരുന്ന അപർണ കോളേജ്‌ പരസരത്ത്‌ ഒറ്റക്ക്‌ ഇരിക്കുന്നതിനിടെയാണ്‌ "ട്രാബിയോക്‌' എന്ന മയക്കുമരുന്ന്‌ ഗ്യാങ്‌ യുഡിഎസ്‌എഫ്‌ നേതാക്കൾക്കൊപ്പം അപർണക്ക്‌ നേരെ പാഞ്ഞെടുത്ത്‌ അക്രമിച്ചത്‌.

അപർണയുടെ മുടിക്ക്‌ കുത്തിപിടിച്ച്‌ കോളേജിനോടുളള മതിലിനോട്‌ ചേർത്ത്‌ നിർത്തി വടികൊണ്ട്‌ അടക്കം അടിക്കുകയും മതിലിൽ നിന്ന്‌ താഴെക്ക്‌ തള്ളിയിടുകയും ചെയ്‌തു. ദേഹത്ത്‌  ചവിട്ടുകയും ചെയ്‌തു. ബഹളം കേട്ട്‌ എസ്‌എഫ്‌ഐ പ്രവർത്തകർ എത്തിയതോടെയാണ്‌ അപർണയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്‌. തലയ്‌ക്കും നെഞ്ചത്തും കഴുത്തിനുമെല്ലാം പരിക്കേറ്റ അപർണയെ അർധ ബോധാവസ്ഥയിലാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

കോളേജിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്‌. എസ്‌എഫ്‌ഐയുടെ  നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ കോളേജിൽ പ്രചാരണം നടത്തുന്നതിൽ സംഘം പലപ്പോഴും പ്രകോപനം സൃഷ്‌ടിക്കാറുണ്ടായിരുന്നു. ഇതിനിടിയിലാണ്‌ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ യുഡിഎസ്‌എഫ്‌ "ട്രാബിയോക് ' എന്ന ഈ ഗ്യാങ്ങുമായി ചേർന്ന്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്‌. ഇതിന്‌ പിന്നാലെയായിരുന്നു അക്രമം. സംഭവത്തിൽ കോളേജിലെ മൂന്നാം വർഷ വിദ്യാർഥികളായ കിരൺ രാജ്‌, കെ ടി അതുൽ, ഷിബിലി, അബിൻ എന്നിവരെ പൊലിസ്‌ അറസ്‌റ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top