25 April Thursday

അമ്പതാണ്ടിന്റെ കരുതലിൽ വിദ്യാർഥി നേതാവിന്‌ വീടൊരുക്കി എസ്എഫ്‌ഐ പ്രവർത്തകർ

സ്വന്തം ലേഖകൻUpdated: Friday Sep 24, 2021

രാജപുരം (കാസർകോട്‌) > സംഘടനയുടെ അമ്പതാണ്ടിന്റെ കരുതലിലാണ്‌ ഈ വീടൊരുങ്ങിയത്‌. സമരസംഘടനാ പ്രവർത്തനങ്ങൾക്ക്‌ വീട്ടിലെ അല്ലൽമറന്ന്‌ എന്നും മുന്നിൽനിന്ന വനിതാ സഖാവിന്‌  അടച്ചുറപ്പുള്ള വീട്‌ നിർമിച്ചുനൽകിയത്‌ എസ്എഫ്‌ഐ പ്രവർത്തകർ. സംഘടനയുടെ സുവർണജൂബിലിയുടെ ഭാഗമായി കാസർകോട്‌ ജില്ലാ കമ്മിറ്റിയാണ്‌ കോടോത്തെ കെ വി ശിൽപയ്‌ക്ക്‌ സ്‌നേഹവീടൊരുക്കിയത്‌.

കണ്ണൂർ സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയും എസ്എഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗവും ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്‌ ശിൽപ. സ്‌നേഹവീടിന്റെ താക്കോൽ ശനിയാഴ്‌ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണ‌ൻ കൈമാറും. പ്ലസ്ടുവിൽ പഠിക്കുന്ന സഹോദരനും അമ്മയും അമ്മമ്മയും അടങ്ങുന്ന കുടുംബം ചോർന്നൊലിക്കുന്ന ചെറിയവീട്ടിലാണ് താമസം. പശു, ആട് വളർത്തലിലൂടെ ജീവിതമാർഗം കണ്ടെത്തുന്ന ഈ വിദ്യാർഥി നേതാവിന് മഴയും വെയിലുമേൽക്കാതെ അന്തിയുറങ്ങാൻ നല്ല വീടുണ്ടാകണമെന്ന സഹപ്രവർത്തകരുടെ ആഗ്രഹം മുൻകാല എസ്‌എഫ്‌ഐ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ പൂർത്തിയായി.

110 ദിവസംകൊണ്ടാണ്‌ പണി പൂർത്തിയായത്‌. 12 സെന്റ് സ്ഥലം കണ്ടെത്തി, 13 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്‌  കോവിഡ് പ്രതിസന്ധിയെ മറികടന്ന്‌  നിർമാണം പൂർത്തിയാക്കിയത്‌.  കാസർകോട്‌ ഗവ. കോളേജിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയാണ്‌ ശിൽപ. ചിട്ടയായ പ്രവർത്തനത്തിലൂടെയാണ്‌ വലിയ തുക സമാഹരിച്ച്‌ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വീടൊരുക്കിയതെന്ന്‌ ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top