25 April Thursday

അപർണയ്‌ക്കെതിരായ വധശ്രമം: യുഡിഎസ്‌എഫിന്റെ മയക്കുമരുന്ന്‌ മാഫിയബന്ധം മൂടിവച്ച്‌ മാധ്യമങ്ങൾ

സ്വന്തം ലേഖകൻUpdated: Saturday Dec 3, 2022

കൽപ്പറ്റ> മേപ്പാടി ഗവ. പോളിടെക്‌നിക്ക്‌ കോളേജിലെ മയക്കുമരുന്ന്‌ മാഫിയ സംഘത്തെക്കുറിച്ച്‌ മിണ്ടാതെ വലതുപക്ഷ മാധ്യമങ്ങൾ. കോളേജിനകത്ത്‌ മയക്കുമരുന്ന്‌ വിൽപ്പന ഉൾപ്പെടെ നടത്തുന്ന ‘ട്രാബിയോക്ക്‌’ എന്ന സംഘടനയെക്കുറിച്ച്‌ മനോരമ ഉൾപ്പെടെയുള്ള പത്രങ്ങളും ചാനലുകളും മിണ്ടിയില്ല. ഇവരുടെ മയക്കുമരുന്ന്‌ വിൽപനയ്‌ക്കും ഉപയോഗത്തിനുമെതിരെ എസ്‌എഫ്‌ഐ രംഗത്തുവന്നതാണ്‌ ജില്ലാ വൈസ്‌പ്രസിഡന്റ്‌ അപർണഗൗരിക്കെതിരെയുണ്ടായ അക്രത്തിന്റെ പ്രകോപനം. യൂണിയൻ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിനെത്തിയ ജില്ലാ നേതാവിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച്‌ കോളേജിലെ മയക്കുമരുന്ന്‌ സംഘം ആക്രമിച്ചിട്ടും മുഖ്യധാര മാധ്യമങ്ങൾക്ക്‌ അത്‌ കേവലം വിദ്യാർഥി സംഘർഷം മാത്രമാണ്‌. പരിക്കേറ്റ അപർണയുടെ ചിത്രംപോലും പ്രസിദ്ധീകരിക്കാനും പലരും തയ്യാറായില്ല.

‘ട്രാബിയോക്ക്‌’ എന്ന കോളേജിലെ വിധ്വംസക സംഘത്തെക്കുറിച്ച്‌ ദേശാഭിമാനി മാത്രമാണ്‌ പരാമർശിച്ചത്‌. ബോധപൂർവം ഈ വിവരം മനോരമ, മാതൃഭൂമി, മാധ്യമം അടക്കമുള്ള പത്രങ്ങൾ മൂടിവച്ചു. ട്രാബിയോക്കുമായി ചേർന്നാണ്‌ യുഡിഎസ്‌എഫ്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്‌. ഇക്കാര്യവും മറ്റ്‌ മാധ്യമങ്ങൾ മൂടിവച്ചു. കഴിഞ്ഞ ജൂണിൽ വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ സംഭവങ്ങൾ ദിവസങ്ങളോളം ചർച്ച ചെയ്‌ത്‌ എസ്‌എഫ്‌ഐയെ മാധ്യമ വിചാരണ നടത്തിയ ചാനലുകളും ഫ്ലാഷ്‌ന്യൂസ്‌ പോലും നൽകിയില്ല.

ആക്രമിക്കപ്പെട്ടത്‌ എസ്‌എഫ്‌ഐ ജില്ലാ നേതാവായിട്ടുപോലും മയക്കുമരുന്ന്‌ മാഫിയക്കെതിരായ വിവരങ്ങൾ മാധ്യമങ്ങൾ മൂടിവച്ചതോടെ നിഷ്‌പക്ഷത നടിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ യുഡിഎഫ്‌ പക്ഷപാതിത്തം കൂടുതൽ വെളിപ്പെട്ടു. സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട സംഭവമായിട്ടും കൈരളി ഒഴികെയുള്ള ചാനലുകൾ കാര്യമായി സംഭവം പരിഗണിച്ചില്ല. നേരത്തേ രാഹുൽഗാന്ധി എംപി ഓഫീസിലെ ഗാന്ധിച്ചിത്രം തകർത്ത സംഭവം എസ്‌എഫ്‌ഐയുടെ തലയിലിടാൻ ശ്രമിച്ച്‌ പരിഹാസ്യരായ വലതുപക്ഷ മാധ്യമങ്ങളുടെ യുഡിഎഫ്‌ അനുകൂല നിലപാട്‌ ഒരിക്കൽക്കൂടി വെളിവാക്കുന്നതായി മേപ്പാടിയിലെ സംഭവങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top