26 April Friday

വയനാട്ടിൽ എസ്‌എഫ്‌ഐ വനിതാ നേതാവിനെതിരായ വധശ്രമം; പിന്നിൽ യുഡിഎസ്‌എഫ്‌ "ട്രാബിയോക്ക്‌' മയക്കുമരുന്ന്‌ സംഘം

സ്വന്തം ലേഖകൻUpdated: Saturday Dec 3, 2022

കൽപ്പറ്റ > മേപ്പാടി പോളിടെക്‌നിക്‌ കോളേജിൽ യുഡിഎസ്‌എഫ്‌–-മയക്കുമരുന്ന്‌ സംഘം നടത്തിയത്‌ ആസൂത്രിത ആക്രമണം. എസ്‌എഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അപർണ ഗൗരിയെ വധിക്കുകയായിരുന്നു ലക്ഷ്യം. എസ്‌എഫ്‌ഐ പ്രവർത്തകർ ഓടിയെത്തിയതിലാണ്‌ ജീവൻ രക്ഷിക്കാനായത്‌. അതിക്രൂരമായാണ്‌ മർദിച്ചത്‌.

 

കോളേജിലെ മയക്കുമരുന്ന്‌ സംഘമായ "ട്രാബിയോക്കും’ യുഡിഎസ്‌എഫും ചേർന്നാണ്‌ എസ്‌എഫ്‌ഐ വനിതാ നേതാവിനെ വധിക്കാൻ ശ്രമിച്ചത്‌. പെൺകുട്ടിയെന്ന പരിഗണനപോലും ഇല്ലാതെയാണ്‌ മുപ്പതോളം വരുന്ന ആൺകൂട്ടത്തിന്റെ മർദനം. അപർണ ഒറ്റയ്‌ക്ക്‌ ഇരിക്കുന്നത്‌ നിരീക്ഷിച്ചായിരുന്നു ആക്രമണം. കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. മുടിക്ക്‌ കുത്തിപ്പിടിച്ച്‌ മതിലിനോട്‌ ചേർത്ത്‌ നിർത്തി വടികൊണ്ട്‌ മർദിച്ചു. പിന്നീട്‌  ഉയർന്ന മതിലിന്‌ മുകളിലൂടെ താഴേയ്‌ക്ക്‌ തള്ളിയിട്ടു. താഴെ വീണപ്പോൾ ദേഹത്ത്‌  കയറി ചവിട്ടി. എസ്‌എഫ്‌ഐ പ്രവർത്തകർ ഓടിയെത്തുമ്പോഴേക്കും അപർണ  അബോധാവസ്ഥയിലായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചവരെയും മർദിച്ചു.

മയക്കുമരുന്ന്‌ സംഘത്തോടൊപ്പം യുഡിഎസ്‌എഫുകാർ അഴിഞ്ഞാടി. തെരഞ്ഞെടുപ്പിൽ മയക്കുമരുന്ന്‌ സംഘത്തിനെതിരെ എസ്‌എഫ്‌ഐ പ്രചാരണം നടത്തിയിരുന്നു. കോളേജിൽ എസ്‌എഫ്‌ഐ സംഘടനാ ചുമതല അപർണയ്‌ക്കായിരുന്നു. ജില്ലയിലാകെ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന്‌ ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണമാണ്‌ എസ്‌എഫ്‌ഐ നടത്തുന്നത്‌. ഇതിൽ വിറളിപൂണ്ട മയക്കുമരുന്ന്‌ സംഘത്തെ യുഡിഎസ്‌എഫ്‌ ഒപ്പം ചേർക്കുകയായിരുന്നു. അപർണയുടെ നേതൃത്വത്തിൽ സജീവമായ ഇടപെടലുകളാണ്‌ മേപ്പാടി പോളിടെക്‌നിക്കിൽ നടത്തിയത്‌. ഇതോടെയാണ്‌ ഇവർ അപർണയെ ലക്ഷ്യമിട്ടത്‌.

"ട്രാബിയോക്‌' സംഘവും യുഡിഎസ്‌എഫ്‌ പ്രവർത്തകരും പൊടുന്നനെയാണ്‌ ആക്രമണം നടത്തിയത്‌. രക്ഷിക്കാൻ ശ്രമിച്ച ശരത്‌, വിഷ്‌ണു എന്നിവർക്കും മർദനമേറ്റു. കണ്ണൂർ, കാലിക്കറ്റ്‌ സർവകലാശാലകൾക്ക്‌ കീഴിലായി നടന്ന കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിലും വെറ്ററിനറി, കാർഷിക  സർവകലാശാല തെരഞ്ഞെടുപ്പിലും ഐടിഐ തെരഞ്ഞെടുപ്പിലും ജില്ലയിൽ എസ്‌എഫ്‌ഐ നേടിയ വൻ വിജയത്തിൽ യുഡിഎസ്‌എഫ്‌ വിറളിപൂണ്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ മയക്കുമരുന്ന്‌ ക്രിമിനൽ സംഘത്തെ കൂട്ടുപിടിച്ചത്‌. ഗുരുതര പരിക്കുകളോടെ അപർണ മേപ്പാടി വിംസ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top