20 April Saturday

സ്വാശ്രയ മെഡിക്കൽ കോളേജിൽ 
ഫീസിന്റെ പേരിൽ പിരിവ‍് പാടില്ല : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


ന്യൂഡൽഹി
സ്വാശ്രയ മെഡിക്കൽ കോളേജ്‌ മാനേജ്‌മെന്റുകൾ ഫീസിനത്തിൽ പണപ്പിരിവ്‌ നടത്തരുതെന്ന്‌ സുപ്രീംകോടതി. തലവരിപ്പണം ഈടാക്കുന്നത്‌ കർശനമായി തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ്‌ ഈ നിർദേശം പുറപ്പെടുവിക്കുന്നതെന്ന്‌ ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ഭൂഷൺ ആർ ഗവായ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു. 2004–-2005, 2005–-2006, 2006–-2007 അക്കാദമിക്‌ വർഷങ്ങളിൽ എംബിബിഎസ്‌ കോഴ്‌സിന്‌ ഫീസ്‌ നിർണയ കമ്മിറ്റികൾ നിശ്ചയിച്ച ഫീസുകൾക്കെതിരായ പ്രത്യേകാനുകൂല ഹർജികൾ പരിഗണിച്ചാണ്‌ സുപ്രീംകോടതിയുടെ ശ്രദ്ധേയ നിരീക്ഷണം.

ഫീസ്‌ നിർണയസമിതി നിശ്ചയിക്കുന്ന ഫീസിനു പുറമേ പല മാനേജ്‌മെന്റും വിദ്യാർഥികളിൽനിന്ന്‌ ഫീസിനത്തിൽ അമിത തുക ഈടാക്കുന്നെന്ന പരാതി ശക്തമാണെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.  വിഷയത്തിൽ നിയമസഹായങ്ങൾ നൽകുന്നതിന്‌ അമിക്കസ്‌ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദിന്റെ റിപ്പോർട്ടുകൂടി പരിശോധിച്ചശേഷം സുപ്രീംകോടതി വിശദമായ ഉത്തരവ്‌ പുറപ്പെടുവിച്ചു. ഫീസ്‌ വിഷയത്തിൽ മാനേജ്‌മെന്റുകൾക്കെതിരെ പരാതികൾ സമർപ്പിക്കാൻ സുപ്രീംകോടതിയുടെ ആഭിമുഖ്യത്തിൽ വെബ്‌പോർട്ടൽ തുടങ്ങണം. ഐടി മന്ത്രാലയവും നാഷണൽ ഇൻഫർമാറ്റിക്‌സ്‌ സെന്ററും പോർട്ടൽ നിയന്ത്രിക്കണം. സംസ്ഥാന ചീഫ്‌ സെക്രട്ടറിമാർ പോർട്ടലിനെക്കുറിച്ച് പരസ്യപ്പെടുത്തണം. പ്രവേശനത്തിന്‌ അവസാന തീയതിയുടെ രണ്ടാഴ്‌ച മുമ്പെങ്കിലും സ്‌ട്രേ വേക്കൻസിയടക്കം എല്ലാ റൗണ്ടിലും കൗൺസലിങ് പൂർത്തിയാക്കണം. സ്‌ട്രേ വേക്കൻസി റൗണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളുടെ നീറ്റ്‌ റാങ്ക്‌ ഉൾപ്പെടെ പരസ്യപ്പെടുത്തണം. അഖിലേന്ത്യാ ക്വോട്ട, സംസ്ഥാന ക്വോട്ട കൗൺസലിങ്ങുകൾ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാകുന്നുണ്ടെന്ന്‌ ഡിജിഎച്ച്‌എസും സംസ്ഥാന സർക്കാരുകളും ഉറപ്പുവരുത്തണം–- തുടങ്ങിയ നിർദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top