03 July Thursday

സൈബർ സുരക്ഷാ കോൺഫറൻസ്‌: കൊക്കൂൺ ശിൽപ്പശാലകൾ കൊച്ചിയിൽ നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

കൊച്ചി> സൈബർ സുരക്ഷയ്‌ക്കായി കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസ് കൊക്കൂൺ ശിൽപ്പശാല ഗ്രാൻഡ്‌ ഹയാത്ത്‌ ഹോട്ടലിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. പങ്കെടുക്കുന്നവർക്ക് സൈബർ സുരക്ഷാരം​ഗത്തെ വിദ​ഗ്ധർ പരിശീലനം നൽകും. ആൻഡ്രോയിഡ്‌ ഹാക്കിങ്‌, മൾട്ടി ക്ലൗഡ്‌ സെക്യൂരിറ്റി, ബ്ലോക്ക്‌ ചെയിൻ ആൻഡ്‌ ക്രിപ്‌റ്റോകറൻസി തുടങ്ങിയ വിഷയങ്ങളിൽ ശിൽപ്പശാല നടക്കും.

സമ്മേളനം 23ന്‌ രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. ജർമനിയിലെ സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ഡേവിഡ് ബാപ്സ്റ്റി, ഫ്രാൻസിലെ സെക്യൂരിറ്റി റിസർച്ചർ മെറ്റിൽഡെ വെനാൾട്ട് എന്നിവർ പങ്കെടുക്കും.
ഇരുപത്തിനാലിന് രാവിലെ 10ന്‌ നടക്കുന്ന സിസിഎസ്‌ഇ ട്രാക്കിന്റെ ഉദ്ഘാടനം നൊബേൽ പുരസ്‌കാര ജേതാവ് കൈലാസ്‌ സത്യാർഥി നിർവഹിക്കും. അദ്ദേ​ഹത്തിന്റെ നേതൃത്വത്തിലുള്ള എൻജിഒ ബച്പൻ ബചാവോ ആന്തോളന്റെ നേതൃത്വത്തിൽ, കുട്ടികൾക്കെതിരായ ലൈം​ഗികാതിക്രമണങ്ങളെക്കുറിച്ചും മറ്റും ശിൽപ്പശാല സംഘടിപ്പിക്കും.  

സൈബർ കുറ്റകൃത്യരം​ഗത്തെ ആ​ഗോള അന്വേഷണ സാധ്യതകൾക്കുവേണ്ടി കേരള പൊലീസിന്റെ നേതൃത്വത്തിൽ വിദേശ പ്രതിനിധികളെ ഉൾപ്പെടുത്തി പാനൽ ചർച്ച നടത്തും. 24ന് വൈകിട്ട്‌ 4.30ന്‌ സമാപന സമ്മേളനം കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. മേയർ എം അനിൽകുമാർ അധ്യക്ഷനാകും.  കുട്ടികളുടെ സൈബർ സുരക്ഷയ്ക്കുവേണ്ടി കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൂട്ട് പദ്ധതിയുടെ കൊച്ചി മേഖലാ ഉദ്ഘാടനം വ്യാഴം രാവിലെ 10ന്‌ ഐഎംഎ ഹാളിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നിർവഹിക്കും.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top