20 April Saturday

ഗ്രൂപ്പ് അടി: ഓഫീസ് കെട്ടിടത്തിൽ സെക്രട്ടറിയേറ്റ്‌ അസോസിയേഷൻ നേതാവിന്റെ ആത്മഹത്യാഭീഷണി

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

തിരുവനന്തപുരം > കോൺഗ്രസ്‌ അനുകൂല സംഘടനയായ സെക്രട്ടറിയറ്റ് അസോസിയേഷനിൽ വീണ്ടും ഗ്രൂപ്പ് തിരിഞ്ഞ് അടി . ഒരുവിഭാഗത്തിന്റെ സെക്രട്ടറിയായ ജ്യോതിഷ് അസോസിയേഷൻ ഓഫീസിന്റെ  കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യഭീഷണി മുഴക്കി. ഓഫീസ് വിട്ടുകൊടുക്കണമെന്നും വഴിയിൽ കാണുമ്പോൾ മറുവിഭാഗം നടത്തുന്ന കളിയാക്കലുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആത്മഹത്യ ഭീഷണി നടത്തിയത്. രണ്ടുചേരിയാകും മുന്നേ സംഘടനയുടെ പ്രസിഡന്റായിരുന്നു ജ്യോതിഷ്. കുറച്ചുനാളുകളായി ഇരുവിഭാഗവും തമ്മിൽതല്ലും കേസുമാണ്.

ജനുവരി 18ന് സെക്രട്ടറിയേറ്റ്‌ അസോസിയേഷൻ ട്രഷറർ കെ എസ്‌ ഹാരിസിനെ സംഘം ചേർന്ന് മർദിച്ച  വിമത വിഭാഗത്തിലെ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.  അടി നടത്തിയ  നെയ്യാറ്റിൻകര ഡി അനിൽകുമാർ , ജസീർ , റെജി എൻ , സുധീർ എ , ജയകുമാർ , ഗോവിന്ദ് , രഞ്ചിഷ്കുമാർ , അനിൽകുമാർ കെ.എം., രാമചന്ദ്രൻ നായർ. രമേശൻ , സതീഷ് കുമാർ എന്നിവർക്കെതിരെയാണ്  കന്റോൺമെന്റ് പോലീസ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് പത്തുപേർക്കെതിരെ  കേസെടുത്തിരുന്നത്.

പക്ഷം പിടിച്ച്‌ സുധാകരൻ
കോൺഗ്രസ്‌ അനുകൂല സംഘടനയായ കേരള സെക്രട്ടറിയറ്റ്‌ അസോസിയേഷൻ വിഭാഗീയതയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പക്ഷം പിടിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. എം എസ്‌ ഇർഷാദിന്റെയും കെ ബിനോദിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതിയാണ്‌ ഔദ്യോഗികമെന്ന്‌ സുധാകരൻ വാർത്താക്കുറിപ്പ്‌ ഇറക്കിയത്‌ കൂടുതൽ പ്രതിഷേധത്തിന്‌ വഴിയൊരുക്കി. സുധാകരന്റെ നിലപാട്‌ അംഗീകരിക്കാനാകില്ലെന്ന്‌ എം എസ്‌ ജ്യോതിഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം പ്രഖ്യാപിച്ചു.

ഓഫീസിന്റെ താഴും മറ്റും തകർത്ത് ചിലർ അതിക്രമം കാട്ടിയത് സർവീസ് സംഘടനാ അച്ചടക്കത്തിന്റെ കടുത്ത ലംഘനമാണെന്നാണ്‌ സുധാകരന്റെ നിലപാട്‌. സംഘടനാ ഓഫീസ് എതിരാളികളുടെ കൈയിലെത്തിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണോ ഓഫീസ് അതിക്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ്‌ സുധാകരന്റെ വിമർശം.

ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഇതൊരു വിഭാഗത്തെ പിന്താങ്ങുന്ന നിലപാടാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നുമാണ്‌ മറുവിഭാഗം പറയുന്നത്‌. തങ്ങളാണ്‌ ഔദ്യോഗിക പക്ഷമെന്നും ഇവർ അവകാശപ്പെടുന്നു.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top