26 April Friday

കടലിനെ പ്ലാസ്‌റ്റിക്‌ വിഴുങ്ങുന്നു; സമുദ്രോപരിതലത്തിൽ സൂക്ഷ്‌മ പ്ലാസ്റ്റിക് മലിനീകരണം

സ്വന്തം ലേഖകൻUpdated: Saturday Jun 3, 2023
കോഴിക്കോട്‌ > പ്രളയശേഷം കേരളതീരത്തെ സമുദ്രോപരിതലത്തിൽ സൂക്ഷ്‌മ പ്ലാസ്റ്റിക് മലിനീകരണം അപകടകരമാംവിധം വർധിച്ചതായി പഠനം. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെയും (കുഫോസ്) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോടിലെയും (എൻഐടിസി) ഗവേഷകരാണ് പഠനം നടത്തിയത്.
 
അഞ്ച്‌ മില്ലി മീറ്ററിൽ താഴെയുള്ള സൂക്ഷ്‌മ പ്ലാസ്റ്റിക് കഷ്‌ണങ്ങളാണ് മൈക്രോ പ്ലാസ്റ്റിക്സ്. വലിയ പ്ലാസ്റ്റിക് കഷ്ണങ്ങൾ വിഘടിച്ച്‌  ഉണ്ടാകുന്ന ഇവ മത്സ്യങ്ങളെയും മറ്റു കടൽജീവികളെയും ബാധിക്കും. ചെറിയ ആൽഗകൾ മുതൽ വലിയ തിമിംഗിലങ്ങൾവരെ ഇവ ഭക്ഷിക്കും. കോഴിക്കോട്, പൊന്നാനി, ചാവക്കാട്, കൊച്ചി, ആലപ്പുഴ, കൊല്ലം  എന്നീ സ്ഥലങ്ങളിലെ ഉപരിതലജലം പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൊച്ചി, കോഴിക്കോട്, കൊല്ലം തീരങ്ങളിലാണ്‌  മലിനീകരണം കൂടുതൽ. ഇതിൽ കൂടുതലും ഫൈബർ ഘടകമാണ്‌.  സിന്തറ്റിക് തുണിത്തരങ്ങൾ, മീൻവല, കയറുകൾ എന്നിവയിൽനിന്നാണ്‌ ഇവ പുറംതള്ളപ്പെടുന്നത്‌.
 
പോളി എത്തിലീൻ, പോളി പ്രൊപ്പിലീൻ പ്ലാസ്റ്റിക്കുകളാണ് കൂടുതൽ. ആൽക്കൈഡ്, പോളിയാക്രിലമൈഡ്, പോളിസ്റ്റൈറൈൻ, പോളിയെത്തിലീൻ ടെറഫ്താലേറ്റ്, പോളിമൈഡ്, പോളിയുറീൻ, പോളി വിനൈൽ ക്ലോറൈഡ്, റയോൺ  തുടങ്ങിയ പോളിമറുകളുടെ സാന്നിധ്യവും  സ്ഥിരീകരിച്ചു. ഏറെ അപകടകരമായ പോളി വിനെൽ ക്ലോറൈഡ്‌, പോളിത്തീൻ ലെതർ എന്നിവയുടെ സാന്നിധ്യവും ഉണ്ട്‌.
 
ശാസ്‌ത്ര ജേർണലായി മറൈൻ പൊലൂഷൻ ബുള്ളറ്റിന്റെ പുതിയ ലക്കത്തിൽ  പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.  കുഫോസ് അധ്യാപകരായ ഡോ. കെ രഞ്ജിത്, വി ജി നിഖിൽ,  എൻഐടിസി സിവിൽ എൻജിനിയറിങ് വിഭാഗം അധ്യാപകൻ  ഡോ. ജോർജ് കെ വർഗീസ് എന്നിവരാണ് പഠനം നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top