20 April Saturday

എൻഐഎ അറസ്റ്റ് ചെയ്‌ത എസ്‌ഡിപിഐ കൗൺസിലർക്ക് പിന്തുണയുമായി യുഡിഎഫ്‌ ഭരിക്കുന്ന ഈരാറ്റുപേട്ട നഗരസഭ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

ഈരാറ്റുപേട്ട > പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്‌ത എസ്‌ഡിപിഐ കൗൺസിലർക്ക് പിന്തുണയുമായി യുഡിഎഫ് ഭരിക്കുന്ന ഈരാറ്റുപേട്ട നഗരസഭ. എസ്‌ഡിപിഐ കൗൺസിലർ അൻസാരി ഇപിയെ അയോഗ്യനാക്കുന്നത്‌ സംബന്ധിച്ച് കൂടിയ നഗരസഭ കൗൺസിലിലാണ് യുഡിഎഫ് ഭരണസമിതി പിന്തുണ നൽകിയത്.

ഫെബ്രുവരി ഒന്നിന് കൂടിയ നഗരസഭ കൗൺസിൽ മീറ്റിങ്ങിൽ എസ്‌ഡിപിഐ കൗൺസിലർ അൻസാരിക്ക് ആറു മാസക്കാലത്തേക്ക് അവധി അനുവദിക്കണമെന്നും, സംരക്ഷണം നൽകണമെന്നുമുള്ള ആവശ്യം ഭരണസമിതി അജണ്ടയായി ഉൾപെടുത്തുകയായിരുന്നു.  എസ്‌ഡിപിഐ കൗൺസിലർമാരും, മുസ്ലിംലീഗിലെ മുതിർന്ന അംഗം പി എം അബ്‌ദു‌ൽ ഖാദറും, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റും മുനിസിപ്പൽ വൈസ് ചെയർമാനുമായ അഡ്വ. മുഹമ്മദ്‌ ഇല്യാസ്, വെൽഫെയർ പാർട്ടി അംഗങ്ങൾ ഉൾപ്പടെയുള്ള യുഡിഎഫ് കക്ഷി നേതാക്കൾ പിന്തുണച്ച് സംസാരിക്കുകയും എൽഡിഎഫ് കൗൺസിലർമാർ എതിർക്കുകയും  ചെയ്‌തു.

27 അംഗങ്ങൾ പങ്കെടുത്ത കൗൺസിൽ യോഗത്തിൽ 9 എൽഡിഫ് കൗൺസിൽ അംഗങ്ങൾ വിയോജനം രേഖപ്പെടുത്തുകയും മുസ്ലിംലീഗിലെ റിയാസ് പ്ലാമൂട്ടിലും, കോൺഗ്രസിലെ അൻസൽന പരികുട്ടിയും വിട്ട് നിൽക്കുകയും ചെയ്‌തു. എന്നാൽ 12 യുഡിഎഫ് വോട്ടുകളുടെയും 4 എസ്‌ഡിപിഐ വോട്ടുകളുടെയും ഭൂരിപക്ഷത്തോടെ എൻഐഎ അറസ്റ്റ് ചെയ്‌ത എസ്‌ഡിപിഐ  കൗൺസിലർ അൻസാരി ഇ പിക്ക് മുൻകാല പ്രാബല്യത്തോട് കൂടി അവധി അനുവദിക്കുകയും ചെയ്‌തു. നിലവിൽ നഗരസഭയിൽ യുഡിഎഫ് ഭരിക്കുന്നത് യുഡിഎഫ് സ്വാതന്ത്ര്യരായി വിജയിച്ച രണ്ടു വെൽഫയർ പാർട്ടി അംഗങ്ങളുടെ പിന്തുണയോടെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top