18 April Thursday

സ്‌കൂളിൽ ഉച്ചഭക്ഷണം ഒരുക്കും ; ട്യൂഷൻ സെന്റർ, പാരലൽ കോളേജ്‌ എന്നിവ തുറക്കുന്നതിൽ തീരുമാനമെ‌ടുക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 7, 2021


തിരുവനന്തപുരം
നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ ഉച്ചഭക്ഷണം ഒരുക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സാഹചര്യമനുസരിച്ച് സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കി പ്രോട്ടോകോൾ പാലിച്ച് വിതരണം ചെയ്യും. ഇതിന്‌ പിടിഎയുടെയും പൊതുജനത്തിന്റെയും സഹായത്തോടെ സ്‌കൂൾ അധികൃതർ നടപടിയെടുക്കണം.

കുട്ടികൾക്ക്‌ സ്‌കൂളിൽ  സുരക്ഷ ഒരുക്കും. വിശദമായ മാർഗനിർദേശം തയ്യാറായി. സോപ്പ്, സാനിറ്റൈസർ സജ്ജമാക്കും. ഊഷ്മാവ് അളക്കും. സ്‌കൂളിൽ ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കും. സ്വകാര്യ ഡോക്ടർമാരെയും ഉപയോഗിക്കും. ഒരു ബെഞ്ചിൽ രണ്ടു കുട്ടികളായിരിക്കും. ശനിയാഴ്ച അടക്കം പ്രവൃത്തി ദിനമാണ്‌. സ്‌കൂൾ ബയോ ബബിൾ സംവിധാനത്തിൽ സംരക്ഷിക്കാനാണ് പദ്ധതി. കുട്ടികൾ എത്തുന്ന എല്ലാ ഇടങ്ങളും അണുവിമുക്തമാക്കും. കേന്ദ്ര സർക്കാർ അനുമതി തന്നാലുടൻ വിദ്യാർഥികൾക്ക് വാക്സിൻ നൽകാൻ സജ്ജമാണ്‌. ട്യൂഷൻ സെന്റർ, പാരലൽ കോളേജ്‌ എന്നിവ തുറക്കുന്നതിൽ ആലോചിച്ച് തീരുമാനമെ‌ടുക്കും.

എയ്ഡഡ് മാനേജ്മെന്റുകൾക്ക് മെയിന്റനൻസ് ഫണ്ടായ 52 കോടി രൂപയും ഉച്ചഭക്ഷണ ഫണ്ടും ഉ‌ടൻ നൽകും. മികച്ച വിജയം നേ‌ടിയവർക്കും പ്ലസ് വണ്ണിന് ഇഷ്ടപ്പെട്ട വിഷയവും വിദ്യാലയവും ലഭിക്കുന്നില്ലെന്നത് ശ്രദ്ധയിലുണ്ട്. രണ്ടാംഘട്ട അലോട്ട്മെന്റിനുശേഷം ഇതിൽ നടപടിയെടുക്കും. വിദ്യാർഥികൾക്ക് യാത്രാനുകൂല്യം അനുവദിക്കുന്നതിൽ ബസുട‌മകളുടെ യോഗം വിളിക്കും.

സ്‌കൂൾ കെട്ടിടങ്ങൾക്ക്‌ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാണ്‌. ഇല്ലെങ്കിൽ കുട്ടികളെ തൊട്ടടുത്ത സ്‌കൂളിലേക്ക്‌ മാറ്റും. നേരിട്ടുള്ള ക്ലാസിനൊപ്പം ഓൺലൈൻ, വിക്ടേഴ്സ് ക്ലാസുകൾ തുടരും. അക്കാദമിക്‌ കലണ്ടറും സമീപനവും തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top