03 December Friday

സ്‌കൂൾ തുറക്കൽ: മാർഗരേഖ നാളെ പുറത്തിറക്കും

സ്വന്തം ലേഖകൻUpdated: Monday Oct 4, 2021

തിരുവനന്തപുരം > സ്‌കുൾ തുറക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗരേഖ ചൊവ്വാഴ്‌ച പുറത്തിറക്കും. ഇരുപതുമുതൽ 30 വരെയുള്ള സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ എല്ലാ സംഘടനയും പങ്കാളികളാകും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ ഉൾപ്പെടെ സേവനം ഉറപ്പാക്കും.  പ്രവർത്തനങ്ങൾ വിപുലമാക്കാൻ ആവശ്യമെങ്കിൽ പിടിഎ പുനഃസംഘടിപ്പിക്കും. പിടിഎ ഫണ്ട് സ്കൂൾ അറ്റകുറ്റപ്പണിക്ക്‌ ഉപയോഗിക്കാനും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച ഉന്നതതല യോഗത്തിൽ ധാരണയായി.

അധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ തുറക്കുംമുമ്പ് പരിശീലനം നൽകുന്നതും പരിഗണനയിലുണ്ട്‌.
പ്രീ മെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും ബയോബബിൾ മാതൃകയിൽ നവംബർ ഒന്നുമുതൽ തുറക്കും. ജീവനക്കാർ രണ്ട് ഡോസ് സ്വീകരിച്ചവരാകണം. സിഎഫ്എൽടിസി, സിഎസ്എൽടിസികളായി പ്രവർത്തിക്കുന്ന കോളേജുകൾ, ഹോസ്റ്റലുകൾ, സ്‌കൂളുകൾ എന്നിവ ഒഴിവാക്കും. കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകർക്ക്‌ പകരം വളന്റിയറെ കണ്ടെത്തണം. 18 മുതൽ സംസ്ഥാനത്തെ മറ്റു പരിശീലനസ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.

സ്‌കൂളുകൾ പുനരാരംഭിക്കുന്നതിന്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ സഹായവും ചെയ്യുമെന്ന്‌ മന്ത്രി  എം വി ഗോവിന്ദൻ വ്യക്തമാക്കി. അയൽക്കൂട്ടസമിതികൾ രൂപീകരിച്ച്‌ തദ്ദേശസ്ഥാപനങ്ങൾ സ്‌കൂളുകൾക്ക്‌ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

കലാലയങ്ങൾ സജ്ജം: മന്ത്രി ആർ ബിന്ദു

വിദ്യാർഥികളെ വരവേൽക്കാൻ എല്ലാ കലാലയവും സജ്ജമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. എല്ലായിടത്തും കോവിഡ് പ്രോട്ടോകോൾ  പാലിക്കപ്പെടുമെന്ന് ഉറപ്പാക്കി. കലാലയങ്ങളിൽ ലിംഗനീതി ഉറപ്പാക്കാൻ അധ്യാപകരുടെയും സ്ഥാപനമേധാവികളുടെയും ജാഗ്രതയുണ്ടാകണം.  അടച്ചിട്ട ലാബുകളും ലൈബ്രറികളും ഉൾപ്പെടെ എല്ലാ ഇടവും ശുചീകരിച്ച് അണുവിമുക്തമാക്കി. സാനിറ്റൈസർ, ഹാൻഡ്‌ വാഷ് തുടങ്ങിയവ ലഭ്യമാക്കും. കോട്ടയത്ത്‌ ഉണ്ടായതുപോലുള്ള ദൗർഭാഗ്യകരമായ സംഭവം ആവർത്തിക്കരുത്‌. നീതിനിഷേധം ഉണ്ടാകുന്നുവെന്ന തോന്നൽ പ്രത്യേകിച്ചും പെൺകുട്ടികളുടെ മാനസികനിലയെ കൂടുതൽ മോശമായി ബാധിക്കും. പെൺകുട്ടികൾക്ക് പ്രത്യേക പരിരക്ഷ സ്ഥാപനമേധാവികൾ ഉറപ്പാക്കണം.
ക്യാമ്പസുകൾ മതനിരപേക്ഷതയുടെയും ജനാധിപത്യപരമായ സംവാദങ്ങളുടെയും ഇടങ്ങളാക്കി നിലനിർത്തൽ പ്രധാനമാണ്. ഇതിൽ വിദ്യാർഥി സംഘടനകളുടെ  ശ്രദ്ധ വേണമെന്നും - മന്ത്രി പറഞ്ഞു.

സ്‌കൂളിൽ ഡോക്‌ടർമാരുടെ നിരീക്ഷണം: മുഖ്യമന്ത്രി

സ്‌കൂൾ തുറക്കുമ്പോൾ ആശങ്ക സ്വാഭാവികമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗത്തിൽ പറഞ്ഞു. കുട്ടികൾക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡെന്ന്‌ തെറ്റിദ്ധരിച്ചേക്കാം. ഡോക്ടർമാരുടെ നിരീക്ഷണം ശക്തിപ്പെടുത്തി കരുതലെടുക്കണം. പ്രത്യേക സാഹചര്യങ്ങളിൽ ആന്റിജൻ ടെസ്റ്റ് ചെയ്യേണ്ടതിനാൽ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് കിറ്റ്‌ ലഭ്യമാക്കണം. ആയുഷ് നിർദേശിച്ച കുട്ടികൾക്ക്‌ ഹോമിയോ പ്രതിരോധമരുന്ന് വിതരണത്തിനുള്ള ക്രമീകരണം പൂർത്തിയാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top