19 April Friday

സ്‌കൂള്‍ തുറക്കല്‍: കുട്ടികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും- മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

തിരുവനന്തപുരം> സ്‌കൂളുകള്‍ തുറക്കാനുള്ള തയാറെടുപ്പ് വിപുലമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നരവര്‍ഷക്കാലമായി അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ 1 മുതല്‍ തുറക്കുകയാണ്. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബര്‍ ഒന്നിന് ആരംഭിക്കുക. നവംബര്‍ 15 മുതല്‍ മറ്റുള്ള ക്ലാസുകള്‍ ആരംഭിക്കും.
   
വിദ്യാഭ്യാസ, ആരോഗ്യവകുപ്പ് മന്ത്രിമാര്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടത്തി. വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ നേത്യത്വത്തില്‍ നാളെ  ഉന്നതതലയോഗം  ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചര്‍ച്ച നടത്തും. കുട്ടികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും  അധ്യാപകരക്ഷകര്‍ത്തൃ സമിതികളുമായും വിവിധ സംഘടനകളുമായും ചര്‍ച്ച നടത്തി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവ തുറക്കുന്ന സാഹചര്യത്തില്‍ യാത്രാവേളയില്‍ കുട്ടികളുടെ സുരക്ഷസംബന്ധിച്ച് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തും. വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ അനാവശ്യമായി കൂട്ടംകൂടാന്‍ ആരേയും അനുവദിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസ് സ്റ്റേഷന്‍ തലത്തില്‍ സംവിധാനമൊരുക്കും. സ്‌കൂളുകളുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പാക്കും.

സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍, ആയമാര്‍ എന്നിവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേകം പരിശീലനം നല്‍കും. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട കോവിഡ് സുരക്ഷാ നടപടികള്‍ സംബന്ധിച്ചായിരിക്കും പരിശീലനം നല്‍കുക. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത, സാനിടൈസര്‍, മാസ്‌ക് എന്നിവ ശരിയായി
ഉപയോഗിക്കേണ്ട വിധം മുതലായ കാര്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top