24 April Wednesday

സ്‌കൂള്‍ അടച്ചുപൂട്ടലല്ല, ഏറ്റെടുക്കലാണ് എല്‍ഡിഎഫ് നയം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2021

തിരുവനന്തപുരം > പൊതുവിദ്യാലയങ്ങളെ സംരക്ഷിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഷ്ടത്തിലാകുന്ന എയ്ഡഡ് സ്‌കൂളുകള്‍ അടച്ചു പൂട്ടിയിരുന്ന ഒരു കാലം കേരളത്തില്‍ അതിവിദൂരമായിരുന്നില്ല. എന്നാല്‍ സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരിണിത്. അതുകൊണ്ടു തന്നെ പൊതുവിദ്യാലയങ്ങള്‍ പൂട്ടിപ്പോകുന്നത് നോക്കിനില്‍ക്കാതെ, അവ ഏറ്റെടുക്കാനും ഏറ്റവും മികച്ച നിലവാരത്തിലേക്കുയര്‍ത്താനും ആവശ്യമായ ശ്രമങ്ങളാണ് ആദ്യ നാളുകള്‍ മുതല്‍ നടത്തി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നയത്തിന്റെ ഭാഗമായി പുതുതായി 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പുലിയന്നൂര്‍ സെന്റ് തോമസ് യു.പി. സ്‌കൂള്‍, ആര്‍.വി.എല്‍.പി.എസ്. (കുരുവിലശ്ശേരി), എ.എല്‍.പി.എസ്. (മുളവുകാട്), എം.ജി.യു.പി.എസ്. (പെരുമ്പിള്ളി മുളന്തുരുത്തി), എല്‍.പി.എസ്. (കഞ്ഞിപ്പാടം), എന്‍.എന്‍.എസ്.യു.പി.എസ് (ആലക്കാട്), എസ്.എം.എല്‍.പി.എസ്. (ചുലിശ്ശേരി), ടി.ഐ.യു.പി.എസ്. (പൊന്നാനി), ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (നടുവത്തൂര്‍), സര്‍വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (പുതുക്കോട്, പാലക്കാട്) എന്നിവയാണ് ആ സ്‌കൂളുകള്‍.

ഈ വിദ്യാലയങ്ങള്‍ ഏറ്റെടുക്കുക മാത്രമല്ല, ഏറ്റവും നല്ല സൗകര്യങ്ങളൊരുക്കി ആ പ്രദേശത്തെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുമെന്നു കൂടെ സര്‍ക്കാര്‍ ഉറപ്പു വരുത്തും. വിദ്യാലയങ്ങള്‍ ഭാവിയിലേയ്ക്കുള്ള നിക്ഷേപങ്ങളാണ്. അതിനാല്‍ അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഈ സര്‍ക്കാര്‍ തയ്യാറല്ല. പൊതുസമൂഹത്തെ കൂടെ നിര്‍ത്തി നമ്മുടെ പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്‍പോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top