03 December Sunday

സ്‌കൂൾ വിദ്യാർഥിനികളെ ആയോധനകലകൾ പഠിപ്പിക്കും: ആദ്യഘട്ടം 4515 സ്‌കൂളുകളിൽ

എം വി പ്രദീപ്‌Updated: Wednesday Oct 4, 2023

തിരുവനന്തപുരം > പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടാനുള്ള കരുത്ത് സ്‌കൂൾ പഠനകാലത്തുതന്നെ വിദ്യാർഥിനികൾക്ക്‌ ഉറപ്പാക്കാൻ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ആയോധനകലകൾ പഠിപ്പിക്കും.  കരാട്ടെ, കളരിപ്പയറ്റ്, കുങ്ഫു,  നീന്തൽ, യോഗ, ഏറോബിക്സ്,  തായിക്കൊണ്ടോ, സൈക്ലിങ്‌ തുടങ്ങിയിലാണ്‌ പരിശീലനം നൽകുക. ആദ്യഘട്ടം 4515  സ്‌കൂളുകളിൽ പരിശീലനം ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം സമഗ്ര ശിക്ഷാ കേരള (എസ്‌എസ്‌കെ) പദ്ധതി തയ്യാറാക്കി.

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥിനികളെയാണ്‌ ആദ്യം പരിഗണിക്കുക. രണ്ടാംഘട്ടമായി പ്രൈമറി ക്ലാസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.  പെൺകുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കുക, ആയോധനകലയിൽ പ്രാവീണ്യം നേടാൻ പ്രാപ്തരാക്കുക, സ്വയം പ്രതിരോധശേഷി വർധിപ്പിക്കുക, അതുവഴി ആത്മവിശ്വാസവും ആത്മാഭിമാനവും ഉള്ള തലമുറയെ വാർത്തെടുക്കുക, പൊതുസമൂഹത്തിൽ സുരക്ഷിതമായി ഇടപെടാനും ജീവിക്കാനും ഉള്ള അവസരം സാധ്യമാക്കുക എന്നിവയെല്ലാം പദ്ധതിയുടെ ലക്ഷ്യങ്ങളാണെന്ന്‌ എസ്‌എസ്‌കെ സ്‌റ്റേറ്റ്‌ പ്രൊജക്ട്‌ ഡയറക്ടർ എ ആർ സുപ്രിയ പറഞ്ഞു.

പരിശീലനം ആരംഭിക്കാൻ ഓരോ സ്‌കൂളിനും 5000 രൂപവീതം അനുവദിക്കും. സ്‌പോർട്‌സ്‌ കൗൺസിലിൽനിന്ന്‌ ലഭ്യമാകുന്ന പാനലിൽ നിന്നും വിവിധ വകുപ്പുകളിൽ നിന്ന് വിരമിച്ച പ്രാവീണ്യം നേടിയവരെയും പരിശീലകരായി നിയോഗിക്കാം. അതില്ലാത്ത സാഹചര്യത്തിൽ പ്രാദേശിക പരിശീലകരെയും  ഉപയോഗപ്പെടുത്താം. പിടിഎ, സ്‌കൂൾ മാനേജിങ്‌ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം. ഒരു ബാച്ചിൽ 35ൽ കുറയാത്ത കുട്ടികൾക്ക് പ്രവൃത്തി ദിവസം വൈകിട്ട്‌ ഒരു മണിക്കൂർ ആണ്‌ പരിശീലനം നൽകുക. പരിശീലന സമയം അധ്യാപക പ്രതിനിധിയോ മദർ പിടിഎ പ്രതിനിധിയോ ഉണ്ടാകണം. ഒക്ടോബറിൽതന്നെ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സ്‌കൂളിലും പരിശീലനം ആരംഭിക്കും. പദ്ധതിയുടെ പുരോഗതി നിശ്‌ചിതഘട്ടങ്ങളിൽ വിദ്യാഭ്യാസ ഓഫീസർമാർ വിലയിരുത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top