26 April Friday

എസ്‌എസ്‌എൽസി; പ്ലസ്‌ ടു പരീക്ഷക്ക്‌ മാറ്റമില്ല; സ്‌കൂൾ അടയ്‌ക്കുന്നതിന്റെ വിശദമാർഗരേഖ നൽകും: മന്ത്രി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022


 തിരുവനന്തപുരം> കോവിഡ്‌ വ്യാപിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാർഗരേഖ  തിങ്കളാഴ്‌ച ചേരുന്ന ഉന്നതതല യോഗം തീരുമാനിക്കുമെന്നും  കുട്ടികളുടെ  ആരോഗ്യം സംരക്ഷിക്കാനാണ്‌ 9 വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക്‌ മാറ്റുന്നതെന്നും  വിദ്യഭ്യാസമന്ത്രി  വി  ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ അടയ്‌ക്കൽ അൺ എയ്‌ഡഡ്‌, സിബിഎസ്‌ഇ മേഖലക്കും ബാധകമാണ്‌.

അതേസമയം എസ്‌എസ്‌എൽസി , പ്ലസ്‌ ടു പരീക്ഷകളിൽ മാറ്റമുണ്ടാകില്ല. 10, 11, 12 ക്‌ളാസുകളിലെ പഠനം ഓഫ്‌ലൈനായി തുടരും. എസ്‌എസ്‌എൽസി പരീക്ഷക്ക്‌ പാഠഭാഗങ്ങളുടെ  ഫോക്കസ്‌ ഏരിയ തീരുമാനിച്ചു. പാഠഭാഗങ്ങൾ ഫെബ്രുവരി 1ന്‌ പൂർത്തിയാക്കും.

ഒമ്പതുവരെയുള്ള ക്ലാസുകളിലെ പഠനം   ഓൺലൈനിലേക്ക്‌ മാറ്റുന്നതിന്റെ  ഭാഗമായി വിക്‌ടേഴ്‌സ്‌ ചാനലിലെ ടൈംടേബിൾ പുനഃക്രമീകരിക്കും. സംസ്‌ഥാനത്തെ 35 ലക്ഷം കുട്ടികളുടെ പഠനമാണ്‌ ഓൺലൈനിലേക്ക്‌ മാറുന്നത്‌. ഓൺലൈൻ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർഥികൾക്ക്‌ അവ എത്തിക്കാനും ശ്രമിക്കും.

ആദ്യപടിയായി രണ്ടഴ്‌ചയിലേക്കാണ്‌ സ്‌കൂൾ അടയ്‌ക്കുന്നത്‌. നിലവിൽ വിദ്യാർഥികൾക്കിടയിൽ രോഗവ്യാപനമില്ല. അത്തരം അവസ്‌ഥ വരാതിരിക്കാനുള്ള  മുൻകരുതലായാണ്‌ സ്‌കൂൾ അടയ്ക്കുവാൻ തീരുമാനിച്ചത്‌. പത്താം ക്ലാസ്‌ മുതലുള്ള വിദ്യാർഥികൾ അൽപം മുതിർന്നവരായതിനാൽ കോവിഡ്‌ പ്രോട്ടോകോൾ കൂടുതൽ പാലിച്ച്‌ ക്ലാസുകളിൽ എത്താനാകും. അവർക്കായി പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും.വരുനാളുകളിൽ രോഗ വ്യാപനത്തിന്റെ  സാഹചര്യങ്ങൾ പരിശോധിച്ച്‌ ആവശ്യമായ മാറ്റങ്ങൾ വരുത്താം. രോഗവ്യാപനം കുറഞ്ഞാൽ ഒന്പതുവരെയുള്ള  ക്ലാസുകളിലെ കുട്ടികൾക്കും സ്‌കൂളുകളിൽ വരാനുളള സാഹചര്യം ഒരുങ്ങും.

10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കും . വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ  പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top