25 April Thursday
ഫീസ്‌ ചൂഷണ സ്വഭാവമുള്ളതല്ലെന്ന്‌ നിയന്ത്രണസമിതി ഉറപ്പാക്കണം

സ്വാശ്രയ മെഡിക്കൽ ഫീസ്‌ 
പുനർനിർണയിക്കണം ; മൂന്ന്‌ മാസത്തിനുള്ളിൽ തീര്‍പ്പുണ്ടാക്കണം: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021


ന്യൂഡൽഹി
കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ്‌ പുനർനിർണയിക്കണമെന്ന്‌ സുപ്രീംകോടതി. 2017–-2018, 2018–-2019, 2019–-2020 അധ്യയന വർഷങ്ങളിലെ ഫീസ്‌ മൂന്ന്‌ മാസത്തിനകം പുനഃനിർണയിക്കാന്‍ ജസ്‌റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ ഫീസ് നിയന്ത്രണ സമിതിയോട് നിര്‍ദേശിച്ചു. മാനേജ്‌മെന്റുകൾ അമിതഫീസ്‌ ഈടാക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണമെന്നും സമിതിയോട് പ്രത്യേകം നിർദേശിച്ചു.

ഫീസ് നിര്‍ണയിക്കാന്‍ സമിതിക്ക് മാനേജ്‌മെന്റുകളിൽനിന്ന്‌ ഏത്‌ വിവരവും തേടാം‌. ഈടാക്കുന്ന ഫീസ് ആവശ്യത്തിലധികമോ ചൂഷണം ചെയ്യുന്ന രീതിയിലോ ആവാതിരിക്കാൻ ശ്രദ്ധിക്കണം. മാനേജ്‌മെന്റുകൾക്ക്‌ അവകാശവാദം ഉന്നയിക്കാന്‍ അവസരം നൽകണം. ഏതെങ്കിലും കോളേജിന്‌ 2017ന്‌ മുമ്പുള്ള ഫീസ്‌ നിർണയിക്കണമെന്നുണ്ടെങ്കില്‍ ആ കാര്യത്തിലും നടപടിവേണമെന്നും ഉത്തരവിലുണ്ട്.

ഫീസ്‌ തീരുമാനിക്കാൻ സ്വാശ്രയ പ്രൊഫഷണൽ സ്ഥാപനങ്ങൾക്ക്‌ അധികാരമുണ്ടെങ്കിലും അത്‌ നിയന്ത്രണങ്ങൾക്ക്‌ വിധേയമാണെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ഫീസ്‌ അമിതലാഭമുണ്ടാക്കുന്നതോ തലവരി സ്വഭാവത്തിലുള്ളതോ ആകാതിരിക്കാനാണ്‌ നിയന്ത്രണം. ഫീസ് ന്യായമാണെന്നും ആരെയും ചൂഷണം ചെയ്യുന്ന രീതിയിലുള്ളതല്ലെന്നും സമിതി ഉറപ്പാക്കണം. 2017ലെ സ്വാശ്രയ നിയമത്തിലെ 11–-ാം വകുപ്പ്‌ അനുസരിച്ച്‌ വേണം ഫീസ് നിര്‍ണയം. എത്രയുംവേ​ഗം തീരുമാനമുണ്ടാകണം.

സമിതി നിശ്‌ചയിച്ച ഫീസ്‌ 2020 മെയ്‌ 19ന്‌ കേരള ഹൈക്കോടതി റദ്ദാക്കി. മാനേജ്‌മെന്റുകളുടെ ഓഡിറ്റ്‌ ചെയ്‌ത ബാലൻസ്‌ ഷീറ്റിന്റെമാത്രം അടിസ്ഥാനത്തിൽ ഫീസ്‌ പുനഃനിർണയിക്കാനും ഉത്തരവിട്ടു. ഇത്‌ സ്‌റ്റേ ചെയ്യാന്‍ സംസ്ഥാനസർക്കാരും വിദ്യാർഥികളും സമർപ്പിച്ച ഹർജികളാണ്‌ സുപ്രീംകോടതി പരിഗണിച്ചത്‌.

ബാലൻസ്‌ഷീറ്റിന്റെ അടിസ്ഥാനത്തിൽ ഫീസ്‌ നിർണയിക്കണമെന്ന നിർദേശം തെറ്റെന്ന് സുപ്രീംകോടതി കണ്ടെത്തി‌. 2017ലെ നിയമത്തിലെ 11–-ാം വകുപ്പ്‌ അനുസരിച്ച്‌ ഫീസ്‌ നിർണയ അധികാരം സമിതിക്കുണ്ടെന്നും അതില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നത്‌ ശരിയല്ലെന്ന സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top