29 March Friday

രക്ഷകരായി അശ്വിന്മാർ; വാരണിപ്പുഴയിൽ മുങ്ങിയ മൂന്ന് ജീവൻ പൊക്കിയെടുത്ത്‌ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

കെ അശ്വിനും എ എസ് അശ്വിനും

മലമ്പുഴ > വാരണിപ്പുഴയിൽ താഴ്‌ന്നുപോയ മൂന്നു ജീവനെ അശ്വിൻമാരുടെ ആത്മധൈര്യം കോരിയെടുത്തു. ഞായർ വൈകിട്ട് 5.30നാണ്‌ രണ്ടുസ്‌ത്രീകളെയും നാലുവയസ്സുകാരനെയും പത്തുവയസ്സുകാരൻ കെ അശ്വിനും കൂട്ടുകാരൻ എ എസ്‌ അശ്വിനും ചേർന്ന്‌ രക്ഷിച്ചത്‌. അക്കരക്കാട്ടിലെ രത്നമ്മയും പേരക്കുട്ടി നാലുവയസ്സുകാരൻ ആദുവും അയൽവാസി ശാന്തമ്മയും ചേർന്ന് വരണി പാലത്തിന് താഴെ പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയതാണ്‌.

രത്നമ്മ കൽപ്പടവിലിരിക്കെ, ശാന്തമ്മ ആദുവിനെ പുറത്തിരുത്തി നീന്തുന്നതിനിടയിൽ കുട്ടി ആഴമുള്ള ഭാഗത്തേക്ക് വീണു. വെള്ളത്തിൽ വീണ കുട്ടിക്കൊപ്പം ശാന്തമ്മയും മുങ്ങിത്താണു. രണ്ടുപേരെയും കാണാതായതോടെ ശാന്തമ്മയും വെള്ളത്തിലേക്ക് ചാടി. മൂവരും താഴ്‌ന്നുപോയതോടെ കുളി കഴിഞ്ഞ്‌ പാറപ്പുറത്തിരിക്കുകയായിരുന്ന കെ അശ്വിനും എ എസ്അശ്വിനും നീന്തിയെത്തി.

കെ അശ്വിൻ ശാന്തമ്മയെയും രത്നമ്മയെയും മുങ്ങിയെടുത്ത്‌ കൽപ്പടവിലെത്തിച്ചപ്പോൾ എ എസ് അശ്വിൻ ആദുവിന്റെ രക്ഷകനായി. അകത്തേത്തറ ജിയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാർഥിയായ എ എസ് അശ്വിൻ  അക്കരക്കാട്ടിലെ അരവിന്ദാക്ഷന്റെയും ശുഭയുടെയും മകനാണ്‌. കണ്ണന്റെയും സുനിതയുടെയും മകനായ കെ അശ്വിൻ ആറാം ക്ലാസ്‌ വിദ്യാർഥിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top