19 April Friday

സവർക്കറെ സ്വാതന്ത്ര്യസമരസേനാനിയാക്കുന്നത്‌ ആർഎസ്‌എസുകാർ: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

തിരുവനന്തപുരം> മഹാത്മഗാന്ധിയേക്കാൾ പ്രമുഖനായ സ്വാതന്ത്ര്യസമരസേനാനി സവർക്കറാണെന്ന്‌ വരുത്താനാണ്‌ ആർഎസ്‌എസ്‌ ചരിത്രകാരന്മാർ ശ്രമിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സവർക്കറിന്‌ സ്വാതന്ത്ര്യസമരപോരാട്ടവുമായി ഒരു ബന്ധവുമില്ല. സമരത്തിന്റെ ആദ്യഘട്ടത്തിൽ ഒളിച്ചോടി, മാപ്പെഴുതി, സ്വാതന്ത്ര്യസമരത്തിന്റെ നേർ വിപരീതദിശയിൽ ആശയം ഉൽപ്പാദിക്കുകയായിരുന്നു  അദ്ദേഹം.

ഗാന്ധിജിയെ കൊന്നതിൽ ഒന്നാംപ്രതി ഗോഡ്‌സെ അല്ല സവർക്കറാണെന്ന്‌ ബോബി തോമസ്‌ എഴുതിയ  ‘ഗോഡ്‌സെ ഗാന്ധിജിയെ കൊന്നത്‌ എന്തിന്‌ ?’ എന്ന പുസ്‌തകത്തിൽ പറയുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പ്രസ്‌ക്ലബ്‌ ഹാളിൽ പുസ്‌തകം പ്രകാശിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വരാജ്യമാക്കി ഭാരതത്തെ മാറ്റുന്നതിൽ നിർണായകമായ വിരുദ്ധത പ്രകടിപ്പിച്ചത്‌ ഗാന്ധിയാണ്‌. പാകിസ്ഥാന്‌ കൊടുക്കേണ്ട പണം ഖജനാവിൽനിന്ന്‌ കൊടുക്കണം എന്ന്‌ നിർബന്ധം പിടിക്കുകയും നിരാഹാരം കിടക്കുകയും ചെയ്യുന്ന പശ്‌ചാത്തലം ചൂണ്ടിക്കാട്ടിയാണ്‌ ഹിന്ദുത്വവാദികൾ കൊല്ലാൻ തീരുമാനിച്ചത്‌. ഇന്ത്യയെ രണ്ടാക്കി വിഭജിക്കാനുള്ള ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ നിലപാടിനോടൊപ്പം നിൽക്കുകയും വിഭജനത്തിൽ ഹിന്ദുമഹാസഭയുടെ ആശയ രൂപീകരണത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചതും സവർക്കറാണ്‌- എം വി ഗോവിന്ദൻ പറഞ്ഞു.  

ചടങ്ങിൽ  സിഎംപി  ജനറൽ സെക്രട്ടറി സി പി ജോൺ പുസ്‌തകം ഏറ്റുവാങ്ങി. സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു  അധ്യക്ഷനായി.  ഡോ. ജി ആർ സന്തോഷ്‌കുമാർ, ഗ്രന്ഥകർത്താവ്‌ ബോബി തോമസ്‌ എന്നിവരും സംസാരിച്ചു. സൈൻ ബുക്‌സാണ്‌ ‘ഗോഡ്‌സെ ഗാന്ധിജിയെ കൊന്നത്‌ എന്തിന്‌ ?’ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top