24 April Wednesday

തീർത്തും അപ്രതീക്ഷിത വിടവാങ്ങൽ ; ഇനിയില്ല, ആ മാസ്‌റ്റർ പീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

സതീഷ് ബാബു പയ്യന്നൂരിന്റെ 
മരണ വർത്തയറിഞ്ഞു വഞ്ചിയൂരിലെ ഫ്ലാറ്റിനു മുന്നിൽ തടിച്ചുകൂടിയവർ


തിരുവനന്തപുരം
തീർത്തും അപ്രതീക്ഷിത വിടവാങ്ങൽ. സുഹൃത്തുക്കൾക്കും വായനക്കാർക്കും ഒരുപോലെ ആഘാതമായി സതീഷ്‌ ബാബു പയ്യന്നൂരിന്റെ മരണം. കവിതയുടെ നിത്യകാമുകൻ പി കുഞ്ഞിരാമൻ നായരുടെ ജീവിതം ആസ്‌പദമാക്കി അദ്ദേഹം എഴുതിത്തുടങ്ങിയ നോവൽ പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹം സുഹൃത്തുക്കളിൽ വേദനയായി പടരുന്നു. നോവൽ മാസ്‌റ്റർ പീസാകണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. അതിനായി എഴുതിയ അധ്യായങ്ങൾ തൃപ്‌തി പോരാതെ വീണ്ടും വീണ്ടും മാറ്റിയെഴുതി. നോവലിന്‌ കണ്ടുവച്ച പേര്‌ മറ്റൊരു എഴുത്തുകാരന്റെ  കഥയ്‌ക്ക്‌ കണ്ടപ്പോൾ നിരാശയായി. പിന്നീട്‌ പുതിയ പേര്‌ കണ്ടെത്തിയ ആഹ്ലാദം സുഹൃത്തുക്കളോട്‌ പങ്കിട്ടിരുന്നു.

കോളേജ്‌ കാലത്തുതന്നെ സതീഷ്‌ ബാബു മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു. കാസർകോടുനിന്നുള്ള ‘ഈയാഴ്‌ച’ വാരികയുടെ എഡിറ്ററുമായി. 1982 മുതൽ 1990 വരെ കഥാലോകത്ത്‌ അദ്ദേഹം നിറഞ്ഞുനിന്നു. 1988ൽ എഴുതിയ പേരമരം എന്ന കഥ 34 വർഷത്തിനുശേഷവും വായനക്കാർക്ക്‌ പ്രിയങ്കരമാണ്‌. കോവിഡ്‌ കാലത്ത്‌ എഴുതി ചിന്ത പുറത്തിറക്കിയ  നോവലെറ്റാണ്‌ കമൽഹാസൻ അഭിനയിക്കാതെ പോയ ഒരുസിനിമ. പേരുപോലെ പുതുമ അതിന്റെ ഉള്ളടക്കത്തിലുമുണ്ട്‌. ചന്നംപിന്നം എന്ന പേരിൽ ഓർമകളുടെ പുസ്‌തകം എൻബിഎസ്‌ പുറത്തിറക്കാനിരിക്കുകയാണ്‌. വൈവിധ്യമാർന്ന പ്രമേയങ്ങളിലൂടെ എഴുതി മുന്നേറിയപ്പോഴും പിന്നാലെ വരുന്ന എഴുത്തുകാരെ വായിക്കാനും പ്രോത്‌സാഹിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്ന്‌ കഥാകൃത്ത്‌ അനൂപ്‌ ഓർമിക്കുന്നു.
സിനിമാസ്വപ്‌നങ്ങളുമായാണ്‌ മലബാറിൽനിന്ന്‌ സതീഷ്‌ ബാബു തിരുവനന്തപുരത്ത്‌ സ്ഥിരതാമസമാക്കിയത്‌. എഴുത്തിലും സിനിമയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ്‌ എസ്‌ബിടിയിലെ ജോലി രാജിവച്ചത്‌. കാവുമ്പായി സമരം പശ്‌ചാത്തലമാക്കി എഴുതിയ മണ്ണ്‌  നോവലിന്‌ അവതാരിക എഴുതിയത്‌ ഇ എം എസ്‌ ആണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top