27 April Saturday
പദ്ധതി ഒരു വർഷത്തിനകം

സംസ്ഥാനത്ത് ഭൂമിയുടെ സർവേ ഇനി ഉപഗ്രഹങ്ങൾ നിർണയിക്കും; ധാരണപത്രം ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

തിരുവനന്തപുരം > സംസ്ഥാനത്ത് ഭൂമിയുടെ സർവേ ഇനി ഉപഗ്രഹസാങ്കേതികവിദ്യ വഴി. ഭൂമിയുടെ അളവും പരിപാലനവും കൂടുതൽ കാര്യക്ഷമവും കൃത്യവുമാക്കാൻ നൂതന ജിയോസ്പേഷ്യൽ സാങ്കേതിക വിദ്യയായ കണ്ടിന്യൂസിലി ഓപ്പറേറ്റിങ്‌ റെഫറൻസ്‌ സ്‌റ്റേഷൻസ്‌ (സിഒആർഎസ്‌) സ്ഥാപിക്കും. നാവിഗേഷൻ സാറ്റലൈറ്റുകളുപയോഗിച്ച്‌ പ്രവർത്തിക്കുന്ന സിഒആർഎസ്‌ വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിയൽ ടൈം കിനെമാറ്റിക്‌ (ആർടികെ)  മെഷീനുകൾ ഉപയോഗിച്ച് സർവേ ചെയ്യുന്ന സംവിധാനമാണ്‌ കേരളത്തിൽ നടപ്പാക്കുന്നത്‌. 12 കോടി രൂപ ചെലവിലാണ്‌ ഈ സജ്ജീകരണമൊരുക്കുന്നത്‌. ഇതിൽ  എട്ട്‌ കോടി രൂപ  സിഒആർ സ്റ്റേഷനുകൾ സ്ഥാപിക്കാനും  ശേഷിക്കുന്ന തുക  ആർടികെ മെഷീനുകൾക്കുമാണ്‌. അഞ്ച്‌ സംസ്ഥാനങ്ങളിൽ ഇത്‌ നടപ്പാക്കിയതിന്റെ പ്രാവീണ്യവും പരിചയസമ്പത്തും കണക്കിലെടുത്താണ്‌ സർവേ ഓഫ് ഇന്ത്യക്ക്‌  നിർവഹണച്ചുമതല നൽകിയത്‌. 

28 സിഒആർ സ്റ്റേഷനാണ് കേരളത്തിൽ സ്ഥാപിക്കുക. ഇതുവഴി സർവേയർമാരുടെ ലഭ്യതക്കുറവുമൂലമുള്ള കാലതാമസം ഒഴിവാകും. പൂർണമായും ഡിജിറ്റൽ രീതിയിൽ സർവേ രേഖകൾ തയ്യാറാക്കുന്നതിനാൽ  ജനങ്ങൾക്ക് ഓൺലൈനായി സേവനങ്ങൾ നൽകാം.   ഒരു വർഷത്തിനകം പൂർത്തിയാകും.  സർവേ ജീവനക്കാർക്ക് സർവേ ഓഫ് ഇന്ത്യ പരിശീലനം നൽകും.

സിഒആർ സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള  ധാരണപത്രം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ  സാന്നിധ്യത്തിൽ സർവേ ഓഫ് ഇന്ത്യ  കേരള ആൻഡ്‌ ലക്ഷദ്വീപ് ഡയറക്ടർ  പി വി രാജശേഖറുമായി സംസ്ഥാന സർവേ ഡയറക്ടർ  ആർ ഗിരിജ ഒപ്പുവച്ചു. 

നിയമസഭാ കോംപ്ലക്സിൽ തിങ്കളാഴ്‌ച രാവിലെ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രിക്ക്‌ പുറമെ  റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ ജയതിലക്, ലാൻഡ്‌ റവന്യൂ കമീഷണർ കെ ബിജു  എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top