19 October Monday

ഇസ്ലാമോഫോബിയ പടര്‍ത്താന്‍ സംഘപരിവാറിന്റെ ഖുറാന്‍ വിരുദ്ധ പ്രചരണം; 'സംഘ' പ്രചാരകരായി ലീഗ്,കോണ്‍ഗ്രസ് നേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

'ഖുര്‍ആന്‍ ഭീകരരുടെ പാഠപുസ്തകമാണെന്ന് സംഘപരിവാര്‍ ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ അസത്യ പ്രചാരണം നടത്തുന്നത് പുതിയ വാര്‍ത്തയല്ല.പക്ഷെ കേരളത്തില്‍ ചരിത്രത്തിലാദ്യമായിട്ടാണ് ഖുറാനെതിരെ മതവര്‍ഗീയ പ്രചാരണം വ്യാപകമായി നടത്തുവാന്‍ സംഘപരിവാറിന് സാധിച്ചത്.

'ഇസ്ലാമോഫോബിയ' പടര്‍ത്താന്‍ ഖുര്‍ആന്‍ വിരുദ്ധ പ്രചാരണം കേരളത്തില്‍ പരസ്യമായി ആരംഭിക്കുവാന്‍ സംഘപരിവാറിന് ജലീല്‍ വിവാദത്തിലൂടെ സാധിച്ചു.സുപ്രധാന ചുവടുവെപ്പ് സാധ്യമായതില്‍ സംഘപരിവാര്‍ കേന്ദ്രം ആഹ്ലാദഭരിതരാണ്';  പി എ മുഹമ്മദ് റിയാസ് എഴുതുന്നു


ഫേസ്ബുക്ക് പോസ്റ്റ്'സംഘ' പ്രചാരകരാകുന്ന ലീഗ്,കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചറിയുക.
---------------------

ഖുര്‍ആന്‍ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിന്റെ രാജി ഉന്നയിച്ചു കൊണ്ട് ബിജെപി കേരളത്തിന്റെ പലയിടങ്ങളിലും മതവര്‍ഗീയ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ബിജെപിയുടെ മുഖപത്രമായ ജന്മഭുമിയിലെ'ജലീല്‍ ജയിലിനു പുറത്തെ മദനി' എന്ന തലക്കെട്ടിലെ ലേഖനം മാത്രം മതി ബിജെപിയുടെ മതവര്‍ഗീയ പ്രചരണം സ്വര്‍ണ്ണകടത്ത് വിഷയത്തില്‍ എത്ര തീവ്രമാണ് എന്നു തിരിച്ചറിയാന്‍.

ഖുര്‍ആന്‍ ഭീകരരുടെ പാഠപുസ്തകമാണെന്ന് സംഘപരിവാര്‍ ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ അസത്യ പ്രചാരണം നടത്തുന്നത് പുതിയ വാര്‍ത്തയല്ല.പക്ഷെ കേരളത്തില്‍ ചരിത്രത്തിലാദ്യമായിട്ടാണ് ഖുറാനെതിരെ മതവര്‍ഗീയ പ്രചാരണം വ്യാപകമായി നടത്തുവാന്‍ സംഘപരിവാറിന് സാധിച്ചത്.

'ഇസ്ലാമോഫോബിയ' പടര്‍ത്താന്‍ ഖുര്‍ആന്‍ വിരുദ്ധ പ്രചാരണം കേരളത്തില്‍ പരസ്യമായി ആരംഭിക്കുവാന്‍ സംഘപരിവാറിന് ജലീല്‍ വിവാദത്തിലൂടെ സാധിച്ചു.സുപ്രധാന ചുവടുവെപ്പ് സാധ്യമായതില്‍ സംഘപരിവാര്‍ കേന്ദ്രം ആഹ്ലാദഭരിതരാണ്.

സംഘ കുടുംബത്തിലെ അംഗത്തെപോലെ പ്രവര്‍ത്തിച്ച ലീഗും കോണ്‍ഗ്രെസ്സുമാണ് അതിനവരെ ഇക്കാര്യത്തില്‍ സഹായിച്ചത്.

നിയമസഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഒരു ലീഗ് അംഗത്തിന്റെ പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു.' കള്ളക്കടത്ത് വഴി ഖുര്‍ആന്‍ പഠിപ്പിക്കാമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ ആണ് ഇടതുപക്ഷ സര്‍ക്കാര്‍ 'ഖുര്‍ആന്‍ സ്വര്‍ണ്ണക്കടത്തിലേക്ക് വലിച്ചു കൊണ്ട് വന്ന ലീഗ് എംഎല്‍എ യുടെ ഈ പ്രസംഗം ഇന്ത്യയിലെ ബിജെപി യുടെ പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് പോലും മാതൃകയാക്കാവുന്നതാണ്.

യുഡിഫ് സംസ്ഥാന കണ്‍വീനറായ കോണ്‍ഗ്രസ് നേതാവ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയതും ഖുര്‍ആന്‍ സ്വര്‍ണ്ണകള്ളക്കടത്തിലേക്ക് വലിച്ചിഴച്ചതിന്റെ മറ്റൊരു ഉദാഹരണമാണ്.

ആര്‍എസ്എസ്  ആശയ പ്രചാരണത്തിനു വഴിയൊരുക്കിയതിലൂടെ സംഘപരിവാര്‍ അഥവാ സംഘ കുടുംബത്തിലെ അംഗമായി കേരളത്തിലെ ലീഗും കോണ്‍ഗ്രസ്സും.

ഇതിനെതിരെ വലിയ വികാരം ലീഗ് കോണ്‍ഗ്രസ് അണികളില്‍ അവരുടെ നേതൃത്വത്തിനെതിരെ
ഉയര്‍ന്നു കഴിഞ്ഞു.

സംഘപരിവാറിന് വര്‍ഗീയ പ്രചാരണത്തിന് അവസരം ഒരുക്കിക്കൊടുത്ത കോണ്‍ഗ്രസിലേയും മുസ്ലിം ലീഗിലേയും കേരളത്തിലെ ചില നേതാക്കളുടെ ഉദ്ദേശം എന്താണ് ?

കേവലം അധികാരക്കസേര എന്ന സ്വപ്നം മാത്രമാണോ?

സംഘപരിവാറിന്റെ മുസ്ലിംവിരുദ്ധ പ്രചാരണത്തിന്റെ പൊതുബോധത്തിന്റെ ഒഴുക്കില്‍ ഈ യുഡിഫ് നേതാക്കള്‍ പെട്ടുപോയോ??ഖുര്‍ആനും ഭഗവത്ഗീതയും ബൈബിളും ഒരു പൗരന് മറ്റൊരാള്‍ക്ക് കൈമാറാന്‍ നിയമപരമായി സാധ്യമാകുന്ന ഗ്രന്ഥമല്ലേ?

ഖുര്‍ആനും ബൈബിളും ഭഗവത്ഗീതയും ഒരു മന്ത്രിക്ക് മറ്റുള്ളവര്‍ക്ക് കൈമാറാന്‍ നിയമപരമായി സാധ്യമാകുന്ന ഗ്രന്ഥമല്ലേ??ഏതു മതത്തില്‍ വിശ്വസിക്കുന്നവരുടേയും മതരഹിതരുടെയും ഇന്ത്യ എന്നാണല്ലോ ഭരണഘടന അടിവരയിട്ടു പറയുന്നത്. ഇവയൊന്നും നമ്മുടെ രാജ്യത്ത് നിരോധിക്കപ്പെട്ട ആശയങ്ങളല്ല.
ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളും നിരോധിക്കപ്പെട്ടിട്ടില്ല;ഇന്നുവരെ.
പക്ഷെ,നാളെ ???അതിനുത്തരം ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ എളുപ്പം നല്‍കാനാകുന്നതല്ല.
എന്തായാലും ഇന്ന് ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിത ഗ്രന്ഥമല്ല.

രണ്ട് പതിറ്റാണ്ട് മുന്‍പ് പോപ്പിനെ കാണാന്‍ പോയ കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരും വൈദ്യുതി മന്ത്രി പിണറായി വിജയനും പോപ്പിന് സമ്മാനിച്ചത് ഭഗവത്ഗീതയാണ്.

അതില്‍ തെറ്റു കാണുന്നവരല്ല നമ്മളാരും.അന്നത്തെ പ്രതിപക്ഷമായ മുസ്ലിം ലീഗുള്‍പ്പടെ അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മതവര്‍ഗീയ നീക്കമാണെന്ന് അന്ന് വിമര്‍ശിച്ചിട്ടില്ല.

മതനിരപേക്ഷതയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഒരു കോടതിവിധിയുടെ ഭാഗമായി ജനങ്ങളില്‍ വിള്ളലുണ്ടാക്കി അസ്വസ്ഥത സൃഷ്ടിച്ച രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടലില്‍ മുഖ്യകാര്‍മിയായി ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഒന്നുറക്കെ എതിര്‍ക്കുവാന്‍ മടി കാണിക്കുന്നവരാണ് കേരളത്തിലെ യുഡിഎഫ് നേതാക്കള്‍.

'ജലീല്‍' എന്ന് പേരുള്ള മന്ത്രി എന്തോ തെറ്റ് ചെയ്തു എന്ന് ഖുര്‍ആനുമായി ബന്ധപ്പെട്ട പ്രചരിപ്പിക്കുന്നതില്‍ ഇതേ യു.ഡി.എഫ് നേതാക്കന്മാര്‍ വല്ലാത്ത ആവേശം കാണിക്കുന്നു.

ദേശീയ ഏജന്‍സികളെ പേടിച്ചത് കൊണ്ട് മാത്രമല്ല,ആര്‍എസ് എസ് ആശയത്തിന്റെ പിടിയില്‍
അകപ്പെട്ടു പോയി എന്നത് കൂടിയാണ് യുഡിഫ് നേതാക്കളുടെ ബിജെപി സ്‌നേഹത്തിനു കാരണം.

ബിജെപിയെക്കാള്‍ വലിയ ശത്രു സിപിഐ എം ആണ് എന്ന മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയും ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.

ദില്ലി വംശീയഹത്യക്ക് നേതൃത്വം കൊടുത്ത കപില്‍മിശ്രയുടെ പ്രസ്ഥാനമല്ല,അതു തടയാന്‍ പൊരുതി കേസില്‍ പ്രതിയായ സീതാറം യെച്ചൂരിയുടെ പ്രസ്ഥാനമാണ് കുഞ്ഞാലിക്കുട്ടിയുടെ മുഖ്യശത്രു.

ഈ പ്രസ്താവന അധികാര കൊതിയന്മാരായ കുഞ്ഞാലിക്കുട്ടിമാര്‍ക്ക് മാത്രമേ സ്വീകാര്യമാകൂ .
ലീഗിലെ ഭൂരിപക്ഷം അണികളും അനുഭാവികളും ഈ പ്രസ്താവനയെ പുച്ഛിച്ചു തള്ളും.

മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന കോണ്‍ഗ്രസിലേയും മുസ്ലിംലീഗിലേയും ഭൂരിപക്ഷം വരുന്ന അണികള്‍ തന്നെ ഈ യുഡിഎഫ്  നേതാക്കളെ തിരുത്തുന്ന കാലം വിദൂരമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top