24 April Wednesday

ആശ്രമം കത്തിക്കൽ: ബൈക്ക്‌ തിരിച്ചറിഞ്ഞു, പ്രതിയിലേക്ക്‌

സുജിത്‌ ബേബിUpdated: Sunday Dec 4, 2022

തിരുവനന്തപുരം
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർഎസ്‌എസുകാരായ പ്രതികൾ സഞ്ചരിച്ച ബൈക്ക്‌ അന്വേഷകസംഘം തിരിച്ചറിഞ്ഞു. ആശ്രമത്തിനു സമീപത്തുള്ള വീട്ടിലെയും അക്രമികൾ സഞ്ചരിച്ച വഴിയിലെയും സിസിടിവികളിൽനിന്നാണ്‌ ബൈക്ക്‌ തിരിച്ചറിഞ്ഞത്‌. ആശ്രമത്തിൽനിന്ന്‌ മടങ്ങുമ്പോഴുള്ള ദൃശ്യങ്ങളിലാണ്‌ വാഹന നമ്പരടക്കം വ്യക്തമായത്‌. ദുരൂഹ സാഹചര്യത്തിൽ മരിച്ച കുണ്ടമൺകടവ്‌ സ്വദേശി പ്രകാശും മറ്റൊരു ആർഎസ്‌എസുകാരനുമാണ്‌ ബൈക്കിൽ ഉണ്ടായിരുന്നത്‌. ഇയാളെ പ്രദേശവാസികൾ തിരിച്ചറിഞ്ഞിട്ടുമുണ്ട്‌.

2018 ഒക്ടോബർ 27നു പുലർച്ചെ രണ്ടരയ്‌ക്കാണ്‌ ആശ്രമത്തിന്‌ തീയിട്ടത്‌.  2.27നാണ്‌ ബൈക്കിൽ അക്രമികൾ എത്തുന്നത്‌. 10 മിനിറ്റിനുശേഷം മടങ്ങുന്നതും ദൃശ്യങ്ങളിൽനിന്ന്‌ വ്യക്തമാണ്‌.   നാലിടത്തെ ദൃശ്യങ്ങളാണ്‌ ലഭിച്ചിരിക്കുന്നത്‌. ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിനും പ്രതികൾ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങളാണ്‌ ക്രൈംബ്രാഞ്ച്‌ ഇപ്പോൾ കണ്ടെടുത്തത്‌. അക്രമത്തിനുമുമ്പ്‌ പ്രതികൾ പലതവണ ആശ്രമപരിസരത്ത്‌ ബൈക്കുകളിൽ കറങ്ങിയതും ദൃശ്യങ്ങളിൽ വ്യക്തമാണ്‌.

മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പ്രതികൾ ആശ്രമത്തിന്‌ അടുത്തുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. ആർഎസ്‌എസുകാരാണ്‌ അക്രമത്തിനു പിന്നിലെന്ന്‌ മരിച്ച പ്രകാശ്‌ തന്നോടു പറഞ്ഞിരുന്നതായി സഹോദരൻ പ്രശാന്ത്‌ നേരത്തേ മൊഴി നൽകിയിരുന്നു. എന്നാൽ, ആർഎസ്‌എസ്‌ സമ്മർദത്തിൽ ഇയാൾ മൊഴിമാറ്റിയിട്ടുണ്ട്‌. മജിസ്ട്രേട്ടിനു  നൽകിയ രഹസ്യ മൊഴിയിലാണ്‌ പ്രശാന്ത്‌ മൊഴിമാറ്റിയത്‌. അതേസമയം മറ്റൊരാൾ കൂടി സമാനമായ മൊഴിനൽകിയിട്ടുണ്ട്‌. ശാസ്ത്രീയാന്വേഷണങ്ങളും ഈ മൊഴികൾ സാധൂകരിക്കുന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top