25 April Thursday

സന്ദീപ്‌ വധം: പ്രതികളെ പിടികൂടിയത്‌ വീടുവളഞ്ഞ്‌; താവളമൊരുക്കിയത്‌ ബിജെപി പ്രവർത്തകൻ

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ഹരിപ്പാട് > സിപിഐ എം തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്‌കുമാറിനെ (36) കൊലപ്പെടുത്തിയശേഷം കരുവാറ്റയിൽ ഒളിവിൽകഴിഞ്ഞ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌ വീടുവളഞ്ഞ്‌. വെള്ളിയാഴ്‌ച പുലർച്ചെ മുന്നിന്‌ കരുവാറ്റ പഞ്ചായത്ത് രണ്ടാംവാർഡ്‌ പാലപ്പറമ്പ് കോളനിയിലെ ആൾതാമസമില്ലാത്ത വീട്ടിൽനിന്നാണ് ജിഷ്‌ണു, നന്ദു, പ്രമോദ്, ജിനാസ് എന്നിവരെ പിടികൂടിയത്. ഇവർക്ക്‌ ഇവിടെ താവളമൊരുക്കിയത്‌ മുഖ്യപ്രതി ജിഷ്‌ണുവിന്റെ കൂട്ടുകാരൻ രതീഷാണ്‌. ഇയാൾ ബിജെപി പ്രവർത്തകനാണ്‌.

ജിഷ്‌ണു അടക്കമുള്ളവർ മിക്കപ്പോഴും രതീഷിന്റെ വീട്ടിൽവന്നു താമസിക്കുമായിരുന്നു. ഇവർ കഞ്ചാവ്, മയക്കുമരുന്ന്‌, ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ടവരാണ്.  വ്യാഴാഴ്‌ച രാത്രി കൊലപാതകത്തിനുശേഷം കരുവാറ്റയിലെത്തിയ പ്രതികളെ രതീഷിന്റെ മുത്തശ്ശിയുടെ ആൾതാമസമില്ലാത്ത വീട്ടിലേക്ക്‌ മാറ്റി. ജിഷ്‌ണു രതീഷിനെ ഫോൺ ചെയ്‌തത്‌ സൈബർസെൽ വഴി മനസിലാക്കിയ പൊലീസ് ഇവിടെയെത്തി രതീഷിനോട് പ്രതികളെപ്പറ്റി ചോദിച്ചെങ്കിലും അറിയില്ലെന്ന്‌ പറഞ്ഞു. ഇതോടെ രതീഷിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു കൊണ്ടുപോകാൻ തുടങ്ങുമ്പോൾ രതീഷിന്റെ അമ്മ പൊന്നമ്മയാണ് ആൾതാമസമില്ലാത്ത അയൽവീട്ടിനുള്ളിൽ പ്രതികളുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന്‌ വീടുവളഞ്ഞു പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ ഇവിടെ എത്തിയശേഷം ഇവരുമായി ബന്ധമുള്ള നിരവധിപേർ സമീപത്തെ വലിയവീട്ടിൽ അമ്പല പരിസരത്ത്‌ വന്നതായി നാട്ടുകാർ പറഞ്ഞു.

കരുവാറ്റ പഞ്ചായത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ ചില കോളനികൾ കേന്ദ്രീകരിച്ച്‌ അക്രമി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അപരിചിതരായ പലരും ഇവിടെ വന്നുപോവുക പതിവാണ്. ഒരുമാസം മുമ്പ്‌ കോളനിയിലുള്ള അരുൺ എന്നയാൾ രതീഷിന്റെ ബൈക്കു എടുത്തുകൊണ്ടുപോയി കത്തിച്ച സംഭവവുമുണ്ടായി. ജയിലിലായിരുന്ന  അരുണിനെ രണ്ടു ദിവസം മുമ്പ്‌  ജിഷ്‌ണുവിന്റെ നേതൃത്വത്തിലെത്തി പിടിച്ചുകൊണ്ടുപോയി മർദിച്ചിരുന്നു. അരുൺ തിരുവല്ലയിൽ  ചികിത്സയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top