29 March Friday

AUDIO - സന്ദീപ്‌ വധം: പ്രതിയുടെ ഫോൺ സംഭാഷണം പുറത്ത്‌; തെളിയുന്നത്‌ ഗൂഢാലോചനയും ഉന്നത ബിജെപി ബന്ധവും

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

പത്തനംതിട്ട > സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക ഫോൺ സംഭാഷണം പുറത്ത്‌. കേസിലെ അഞ്ചാം പ്രതി അഭിയെന്ന വിഷ്‌ണുകുമാർ സുഹൃത്തുമായി നടത്തിയ ഫോൺ സംഭാഷണമാണ്‌ പുറത്തുവന്നത്‌. സന്ദീപ്‌ കുമാറിന്റെ കഴുത്തിൽ വെട്ടിയത്‌ താനാണെന്ന്‌ സംഭാഷണത്തിൽ അഭി സുഹൃത്തിനോട്‌ പറയുന്നുണ്ട്‌.

തനിക്ക് പകരം മറ്റ് പ്രതികളെ ജയിലില്‍ കയറ്റാന്‍ തീരുമാനിച്ചിരുന്നതായും അതിനുവേണ്ട സൗകര്യങ്ങളും നിർദേശങ്ങളും ചെയ്‌തു തന്നതായും അഭി വേങ്ങലയിലെ ബിജെപി ബന്ധമുള്ള സുഹൃത്തിനോട്‌ പറയുന്നു. പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവര്‍ കീഴടങ്ങുമെന്നും എന്നാല്‍ തന്നോട്‌
കീഴടങ്ങേണ്ടെന്നാണ്‌ നിർദേശിച്ചിരിക്കുന്നതെന്നും  ഉന്നത ബന്ധമുള്ള നേതാവ് തങ്ങള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തലിലുണ്ട്.

ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നുവെന്നതിൽ നിന്നും, കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും കൊലപാതകത്തിന്‌ മുമ്പ്‌ നടന്നുവെന്നാണ്‌ വ്യക്തമാക്കുന്നത്‌. സംഭവത്തിൽ പ്രതികളുടെ എല്ലാവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സനൽകുമാർ ആവശ്യപ്പെട്ടു.





പ്രതികളിൽ രണ്ടുപേരുടെ ഫോണുകൾ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് നഷ്ടപ്പെട്ടു എന്ന് പ്രതികൾ പറയുന്നത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. നിലവിൽ സൈബർസെല്ലിന്റെ
 സഹായത്തോടെ ഫോണുകൾ പരിശോധിച്ചുവരികയാണ്. പ്രതികൾ കൃത്യം നടത്തിയതിനുശേഷം ഫോണിൽ ബന്ധപ്പെട്ടവരെയും ഒളിവിൽ കഴിയാൻ സഹായിച്ചവരെയും  ചോദ്യം ചെയ്തു.

പ്രതികൾക്കുള്ള ഉന്നത ബന്ധം വ്യക്തമാക്കുന്ന ഏറ്റവും നിർണായകമായ തെളിവാണ് പുറത്തായത്. ബിജെപിയിൽ നേരിട്ട് കുറ്റം പതിക്കാതിരിക്കാൻ യുവമോർച്ച നേതാവിന്റെ നേതൃത്വത്തിലുള്ള കൊട്ടേഷൻ സംഘത്തെ വിലക്കെടുക്കുകയായിരുന്നു എന്ന ആരോപണം ശരിവെയ്ക്കുന്നതാണ് പുറത്തുവന്ന ഫോൺ സംഭാഷണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top