23 April Tuesday

കുട്ടികള്‍ വിഷമിക്കേണ്ട; സഹായിക്കാന്‍ എസ്എസ്‌കെയുണ്ട്

എ എസ് ജിബിനUpdated: Sunday Aug 2, 2020

കൊച്ചി
സ്‌കൂളില്‍ പോകാനോ കൂട്ടുകാരെയും അധ്യാപകരെയും നേരില്‍ കാണാനോ ഇടപഴുകാനോ കഴിയാതെ മാനസിക വിഷമമനുഭവിക്കുന്ന കുട്ടികൾക്കായി സമഗ്ര ശിക്ഷ കേരള (എസ്എസ്‌കെ) കൗണ്‍സലിങ് സെഷനുകള്‍ സംഘടിപ്പിക്കും. പട്ടികജാതി–-വര്‍ഗ വിഭാഗത്തിലെ കുട്ടികള്‍, ഊരു വിദ്യാലയങ്ങള്‍, മലയോരം, തീരദേശം എന്നിവിടങ്ങളിലെ കുട്ടികള്‍, റസിഡന്‍ഷ്യല്‍ ഹോസ്റ്റലുകളിലെ കുട്ടികള്‍ എന്നിവര്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്.

അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നടക്കുന്ന പദ്ധതിക്ക് സാമ്പത്തികസഹായം നല്‍കുന്നത് യൂണിസെഫാണ്. വീടുകള്‍, പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള്‍, വായനശാലകള്‍, ഊരുവിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കൗണ്‍സലിങ് സെഷനുകള്‍ സംഘടിപ്പിക്കുക. സ്‌കൂള്‍ കൗണ്‍സലര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ കൗണ്‍സലിങ് വിദഗ്ധര്‍, സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച്, പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ മാസം പത്തിനകം കൗണ്‍സലിങ് സെഷനുകള്‍ നടത്തുമെന്ന് എസ്എസ്‌കെ ജില്ലാ കോ–-ഓര്‍ഡിനേറ്റര്‍ ഉഷ മാനാട്ട് പറഞ്ഞു. ജില്ലയില്‍ ആലുവ (രണ്ട്), അങ്കമാലി (രണ്ട്), എറണാകുളം (രണ്ട്), കല്ലൂർക്കാട് (രണ്ട്), കോലഞ്ചേരി (രണ്ട്), കൂത്താട്ടുകുളം (രണ്ട്), കൂവപ്പടി (മൂന്ന്), കോതമംഗലം (നാല്), മട്ടാഞ്ചേരി (ഒന്ന്), മൂവാറ്റുപുഴ (രണ്ട്), നോര്‍ത്ത് പറവൂര്‍ (രണ്ട്), പെരുമ്പാവൂര്‍ (രണ്ട്), പിറവം (ഒന്ന്), തൃപ്പൂണിത്തുറ (രണ്ട്), വൈപ്പിന്‍ (ഒന്ന്) എന്നീ ബിആര്‍സികളിലായി 30 സെഷന്‍ നടക്കും. ഒരു സെഷനില്‍ പരമാവധി 10 കുട്ടികളാകും പങ്കെടുക്കുക.

സംസ്ഥാനമാകെ ഈ പദ്ധതി നടപ്പാക്കാനായി യൂണിസെഫ് 2,20,000 രൂപയാണ് സാമ്പത്തികസഹായം നല്‍കുന്നത്. ജില്ലയ്ക്ക് 16,500 രൂപയാണ് അനുവദിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം മൂലം മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളെഴുതുന്നതിനുമുമ്പ് വിദ്യാര്‍ഥികള്‍ക്ക സമഗ്ര ശിക്ഷ കേരള, യൂണിസെഫിന്റെ സഹായത്തോടെ ക്ലാസുകള്‍ നല്‍കിയിരുന്നു. പഠനത്തിലേക്ക് കുട്ടികളെ തിരിച്ചുകൊണ്ടുവരാനായി നടത്തിയ ഈ ക്ലാസുകളിലൂടെ കുട്ടികള്‍ക്ക് മികച്ച വിജയം നേടാനായി. ഇതിനുപിന്നാലെയാണ് കുട്ടികളിലെ മാനസിക വിഷമം ലഘൂകരിക്കാനുള്ള കൗണ്‍സലിങ് പദ്ധതിയുമായി എസ്എസ്‌കെ യൂണിസെഫുമായി കൈകോര്‍ക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top