25 April Thursday

സഹകരണമേഖലയെ തകർക്കാൻ സംഘടിത ശ്രമം: സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022


ആലപ്പുഴ
കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ വലതുപക്ഷത്തിന്റെ സംഘടിത ശ്രമമുണ്ടെന്ന്‌ ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ. സഹകരണ ലയന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സഹകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച്‌ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ആർഎസ്‌എസ്‌ അജണ്ട തയ്യാറാക്കിയിട്ടുണ്ട്‌. 

യുഡിഎഫ്‌ ഇതിന്‌ സഹായവും നൽകുന്നു. സമീപകാലത്ത്‌ പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന്‌ കോടിക്കണക്കിനുരൂപയുടെ നിക്ഷേപം  പിൻവലിച്ചത്‌ ഇതിന്റെ ഭാഗമായാണ്‌. പുതുതായി നിക്ഷേപം നടത്താതെ ഉള്ളത്‌ പിൻവലിക്കുക കൂടി ചെയ്യുമ്പോൾ സംഘങ്ങൾ തകരും എന്നാണ്‌ ഇവരുടെ പ്രതീക്ഷ. ഇതിനൊപ്പം കുടിശിക അടക്കാതിരിക്കുകയും ചെയ്യുന്നു. ഈ സംഘടിത ശ്രമം ജീവനക്കാർ തിരിച്ചറിയണം. കൂടുതൽ പ്രൊഫഷണലിസത്തോടുകൂടി ഇടപാടുകാരെ സമീപിക്കണം. പുതിയ മേഖലകളിലേക്കും കടക്കണം. മത്സ്യത്തൊഴിലാളി, എസ്‌സി, എസ്‌ടി സംഘങ്ങൾക്കു വായ്‌പ നൽകാൻ സഹകരണ മേഖല തയ്യാറാകണം. 

മത്സ്യസംഘങ്ങൾക്കു സഹകരണ ബാങ്കുകളിൽ നിന്ന്‌ വായ്‌പ ലഭിക്കാന പദ്ധതി തയ്യാറാക്കുന്നുണ്ട്‌. ഗ്യാരണ്ടി നൽകാൻ ഇല്ലാത്ത വിദ്യാർഥികൾക്കുൾപ്പെടെ വായ്പ നൽകാനും തയാറാകണം. സർക്കാരിന്റെ വികസന പദ്ധതിക്കൊപ്പം സഹകരണമേഖല നിൽക്കണമെന്നും മന്ത്രി പറഞ്ഞു.

ഏഷ്യൻ പവർ ലിഫ്‌റ്റിങ്‌ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കുട്ടികൾക്ക്‌  മന്ത്രി ഉപഹാരം സമ്മാനിച്ചു. ലയന സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവർക്ക്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദനും സിപിഐ എം ജില്ലാസെക്രട്ടറി ആർ നാസറും സമ്മാനം നൽകി. സ്വാഗതസംഘം വൈസ്‌ ചെയർമാൻ എം സത്യപാലൻ അധ്യക്ഷനായി. ബെഫി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എസ്‌ബിഎസ്‌ പ്രശാന്ത്‌ മുഖ്യപ്രഭാഷണം നടത്തി. കെ ടി അനിൽകുമാർ സ്വാഗതവും എസ്‌ വിജയുമാർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top