19 April Friday

മത്സ്യ സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021


ആലപ്പുഴ
കേരളബാങ്കുമായി ചേർന്ന് മത്സ്യസഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തി ഇടനിലക്കാരുടെ ചൂഷണം തടയുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.  ലോക മത്സ്യദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യബന്ധന സൗകര്യം 20 ശതമാനം തൊഴിലാളികൾക്ക്‌  മാത്രമാണ്. ശേഷിക്കുന്നവരെ ഇടനിലക്കാർ കൊള്ളയടിക്കുന്നു. മീൻ പിടിക്കുന്നവർക്ക് കിട്ടുന്നതിനേക്കാൾ  വരുമാനം ഇടനിലക്കാർക്കാണ്‌. ചൂഷണത്തിൽനിന്ന് തൊഴിലാളികളെ മോചിപ്പിക്കും.

വലിയ വരുമാന സ്രോതസാണ് മത്സ്യമേഖല. സംസ്ഥാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി സമ്പത്ത് വർധിപ്പിക്കാനാണ് സർക്കാർ ശ്രമം. മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വ്യവസായ സംരംഭങ്ങൾ, സീഫുഡ് റെസ്റ്റോറന്റുകൾ, മത്സ്യസ്റ്റാളുകൾ തുടങ്ങിയവ ആരംഭിക്കും.  തീരസംരക്ഷണം ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്‌ക്കായി രജിസ്ട്രേഷൻ, സുരക്ഷ ഉപകരണങ്ങൾ, ഇൻഷുറൻസ് എന്നിവ ഉറപ്പാക്കും–- മന്ത്രി പറഞ്ഞു.

വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ മന്ത്രി അനുമോദിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. എ എം ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. ക്ഷേമനിധി ബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ ധനസഹായം വിതരണംചെയ്‌തു. മത്സ്യഫെഡ് ഭരണസമിതിയംഗം ജി രാജദാസ്, ഫാ. സേവ്യർ കുടിയാംശേരി, സി ഷാംജി, പി എം മിനി, രേണുക ദേവി, എസ് ഐ രാജീവ്, ബി ഷാനവാസ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി പരിപാലനവും സുസ്ഥിര മത്സ്യബന്ധനവും എന്ന വിഷയത്തിൽ മത്സ്യഫെഡ് റിട്ട. ജനറൽ മാനേജർ ജോസഫ് മാനുവൽ ക്ലാസെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top