29 January Sunday
സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ല , പൊലീസ്‌ റിപ്പോർട്ട് കോടതിയിൽ

സജി ചെറിയാൻ അയോഗ്യനല്ല ; ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022


കൊച്ചി
ഭരണഘടന വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച്  സജി ചെറിയാൻ എംഎൽഎയെ  അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അയോഗ്യത കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന്‌ കോടതി വിധിയിൽ പറഞ്ഞു. നിയമസഭാംഗത്തിന്റെ  അയോഗ്യതയെക്കുറിച്ച്‌ ഭരണഘടനയുടെ 191–--ാം അനുഛേദത്തിൽ കൃത്യമായ വ്യവസ്ഥകളുണ്ടെന്നും ഹർജിക്കാർ ഉന്നയിക്കുന്ന വിഷയങ്ങൾ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച്   തീർപ്പാക്കേണ്ടതല്ലെന്നും വിലയിരുത്തിയാണ് ഹർജികൾ ചീഫ് ജസ്‌റ്റിസ്‌ എസ്‌ മണികുമാർ, ഷാജി പി ചാലി എന്നിവരുടെ ഡിവിഷൻ ബെഞ്ച്‌ തള്ളിയത്‌. 

എംഎൽഎ സത്യപ്രതിജ്ഞാലംഘനം നടത്തിയതിനാൽ അയോഗ്യനാക്കണമെന്നുമാവശ്യപ്പെട്ട്‌ രണ്ട് വ്യക്തികൾ ഹെെക്കോടതിയിൽ  നൽകിയ  ഹർജികൾ പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്ന്‌  ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.  സർക്കാരിന് വേണ്ടി എ ജി കെ ഗോപാലകൃഷ്ണ കുറുപ്പ്, സ്റ്റേറ്റ് അറ്റോർണി എൻ മനോജ്കുമാർ, സ്പെഷ്യൽ ഗവ.പ്ലീഡർ വി മനു എന്നിവർ ഹാജരായി.  പത്തനംതിട്ട മല്ലപ്പള്ളിയിൽ ജൂലൈ നാലിന് ഒരു പൊതുചടങ്ങിലെ   ഭരണഘടനയെ സംബന്ധിച്ച ചില പരാമർശങ്ങൾ വിവാദമായിരുന്നു. തുടർന്നാണ്‌ സജിചെറിയാൻ മന്ത്രിസ്ഥാനത്തുനിന്ന്  രാജിവെച്ചത്‌.


ഭരണഘടനയെ അവഹേളിച്ചിട്ടില്ല , പൊലീസ്‌ റിപ്പോർട്ട് കോടതിയിൽ
സജി ചെറിയാൻ എംഎൽഎ മന്ത്രിയായിരിക്കെ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വിമർശനാത്മക സംസാരം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും ഇതുസംബന്ധിച്ച പരാതിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കാമെന്നും വ്യക്തമാക്കി പൊലീസ് വ്യാഴാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവല്ല ഡിവൈഎസ്‌പി രാജപ്പൻ റാവുത്തറാണ്   തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന പത്തനംതിട്ട മുൻസിഫ് മുമ്പാകെ  420 പേജുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.  

  ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയൽ തിരുവല്ല കോടതിയിൽ സമർപ്പിച്ച പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷിക്കാൻ മജിസ്ട്രേറ്റ് രേഷ്മ ശശിധരൻ കീഴ്‌വായ്‌പൂര് സ്റ്റേഷൻ ഹൗസ് ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് സജി ചെറിയാനിൽ നിന്നും പരാതിക്കാരിൽ നിന്നും മൊഴിയെടുത്തു. ഡിവൈഎസ്‌പി തയ്യാറാക്കിയ കേസ് ഡയറി പബ്ലിക്ക് പ്രോസിക്യൂട്ടറുടെയും ജില്ലാ പൊലീസ് ചീഫിന്റെയും വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കോടതിയിൽ സമർപ്പിച്ചത്.

മറ്റ് ചിലരും  സജി ചെറിയാനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അവരിൽനിന്നും മൊഴിയെടുത്തിട്ടുണ്ട്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ  സജിചെറിയൻ നടത്തിയ  പ്രസംഗത്തിലെ ചില പരാമർശങ്ങളാണ്‌ വിവാദമായത്‌.  കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന അന്വേഷണ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ എതിർകക്ഷിക്ക് കോടതി നോട്ടീസ് അയയ്ക്കും. അവരുടെ ഭാഗം കേട്ട ശേഷമേ കോടതി അന്തിമ തീരുമാനമെടുക്കൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top