19 March Tuesday

ജഡ്‌ജിമാരുടെ പേരിൽ കൈക്കൂലി; അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

കൊച്ചി > ഹൈക്കോടതി ജഡ്‌ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരിൽ കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിനെതിരെ കേസെടുത്തു. സൗത്ത്‌ ചിറ്റൂർ ഡിവൈൻ നഗർ കൂരൻകല്ലോക്കാരൻ വീട്ടിൽ അഡ്വ. സൈബി ജോസ്‌ കിടങ്ങൂരിനെതിരെയാണ്‌ പൊലീസ്‌ കേസെടുത്തത്‌.

വഞ്ചനാകുറ്റത്തിനും അഴിമതി നിരോധന നിയമത്തിലെ ഏഴ്‌ (ഒന്ന്‌) വകുപ്പ്‌ പ്രകാരവുമാണ്‌ കേസ്‌. സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്ത്‌ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ കെ സേതുരാമന്‌ നൽകിയ നിർദ്ദേശപ്രകാരമാണ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചത്‌. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തുമെന്നാണ്‌ സൂചന.

സൈബി ജോസിനെതിരെ അഴിമതി നിരോധന നിയമത്തിലെ ഏഴ്‌ (ഒന്ന്‌) വകുപ്പനുസരിച്ച്‌ കേസെടുക്കാമെന്ന്‌ കൊച്ചി പൊലീസ്‌ മേധാവി പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപി അഡ്വക്കേറ്റ്‌ ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പിനോട്‌ നിയമോപദേശം തേടി. അഭിഭാഷകനായ വ്യക്തിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിൽ വ്യക്തത വരുത്താനാണ്‌ നിയമോപദേശം തേടിയത്‌.

ഒരു സിനിമാ നിർമാതാവ്‌ നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം വാങ്ങി നൽകാൻ ജഡ്‌ജിയ്‌ക്കാണെന്ന്‌ പറഞ്ഞ്‌ 25 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ഒരു ആരോപണം. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസിൽ ജാമ്യം നേടാമെന്ന്‌ പറഞ്ഞ്‌ പണം വാങ്ങിയതായും ആരോപണമുയർന്നു. മൂന്ന്‌ ജഡ്‌ജിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി രജിസ്ട്രാർ പൊലീസ്‌ മേധാവിക്ക്‌ കത്ത്‌ നൽകിയതിനെ തുടർന്നാണ്‌ പ്രാഥമിക അന്വേഷണം ആരംഭിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top