26 April Friday

സച്ചിദാനന്ദൻ ഡൽഹിയിൽനിന്ന്‌ മടങ്ങി; ഇനി തൃശൂരിൽ സ്ഥിരവാസം

പ്രത്യേക ലേഖകൻUpdated: Thursday Oct 28, 2021

കവി സച്ചിദാനന്ദൻ ഡൽഹിയില്‍ നിന്ന് 
നെടുമ്പാശേരിയിൽ എത്തിയപ്പോൾ


കൊച്ചി
മലയാളത്തിന്റെ പ്രിയകവി സച്ചിദാനന്ദൻ ഇനി കുറച്ചുകാലം കൊച്ചിക്കാരൻ. മൂന്നുപതിറ്റാണ്ട്‌ നീണ്ട ഡൽഹി പ്രവാസജീവിതത്തിനു വിടപറഞ്ഞ്‌ കേരളത്തിൽ സ്ഥിരതാമസമാക്കാനെത്തിയ സച്ചിദാനന്ദൻ രണ്ടു മാസം എറണാകുളത്ത്‌ മകളുടെ ഫ്ലാറ്റിലുണ്ടാകും. അതിനുശേഷമാകും തൃശൂരിൽ വാങ്ങിയ വീട്ടിൽ ഗൃഹപ്രവേശം.  ഡൽഹിയിൽനിന്ന്‌ വ്യാഴം വൈകിട്ട്‌ 5.30ന്‌ എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ അദ്ദേഹം സന്ധ്യയോടെ മകളുടെ ഫ്ലാറ്റിലെത്തി.

‘‘ഏറെ സ്വപ്‌നങ്ങളുമായി 1992ൽ ഡൽഹിയിലെത്തി. മലയാള സാഹിത്യത്തിന്‌ ഒട്ടേറെ സംഭാവന നൽകാൻ ഡൽഹി ജീവിതാനുഭവം കാരണമായി. ഇന്നു ഡൽഹിയും മാറി. ഞാനെന്റെ കേരളത്തിലേക്കുതന്നെ മടങ്ങുന്നു. വായിക്കാൻ ബാക്കിവച്ചത്‌ വായിച്ചുതീർക്കണം. എഴുതാൻ ബാക്കിവച്ചത്‌ എഴുതിത്തീർക്കണം’’ -ഡൽഹി വിടുംമുമ്പ്‌ അദ്ദേഹം തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.

ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിൽ അധ്യാപകനായിരുന്നു. സ്വയം വിരമിച്ച്‌ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഇംഗ്ലീഷ്‌ ജേണൽ ‘ഇന്ത്യൻ ലിറ്ററേച്ചർ’ പത്രാധിപരായാണ്‌ 1992ൽ ഡൽഹിയിലെത്തുന്നത്‌. 1996ൽ കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറിയായി. 10 വർഷം ആ സ്ഥാനത്തു തുടർന്ന അദ്ദേഹം ലോകസാഹിത്യം മലയാളിക്കു പരിചയപ്പെടുത്താൻ മാത്രമല്ല; ഡൽഹി ആസ്ഥാനമായി ജനസംസ്‌കൃതിയിലും മറ്റും സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. അന്നും കേരളത്തിന്റെ മുക്കിലും മൂലയിലും കവിതചൊല്ലാനും പ്രഭാഷണത്തിനുമെത്തി. അക്കാദമി സെക്രട്ടറിസ്ഥാനം ഒഴിഞ്ഞശേഷം ഇഗ്‌നോയുടെ സ്‌കൂൾ ഓഫ്‌ ട്രാൻസ്‌ലേഷൻ സ്‌റ്റഡീസ്‌ ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു. കോവിഡ്‌കാലത്തെ അടച്ചുപൂട്ടലിൽ കൂടുതൽ ദിവസങ്ങളിലും കേരളത്തിലായിരുന്നു. ഇനി കേരളത്തിൽത്തന്നെ സ്ഥിരതാമസമാക്കണമെന്ന്‌ തീരുമാനിച്ചതും ഈ നാളുകളിൽത്തന്നെ. എം മുകുന്ദനും ആനന്ദിനും ശേഷം  സച്ചിദാനന്ദനാണ്‌ ‘ഡൽഹി മലയാളി’ എന്ന മേൽവിലാസം ഉപേക്ഷിക്കുന്ന പ്രശസ്‌തൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top