29 March Friday

മണ്ഡല മകരവിളക്ക്‌ തീർഥാടനം : ദിവസം 45,000 പേർക്ക്‌ 
ദർശനത്തിനെത്താം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021


ശബരിമല
മണ്ഡല മകരവിളക്ക്‌ തീർഥാടനം സുഗമമാക്കാനുള്ള ദേവസ്വം ബോർഡിന്റെ നടപടികൾ വിജയമായതോടെ ശബരിമലയിലേക്ക്‌ തീർഥാടകരുടെ എണ്ണം വർധിച്ചു. വെർച്വൽ ക്യൂ വഴി പ്രതിദിനം 40,000 പേർക്ക്‌ ശബരിമലയിൽ എത്താനുള്ള സൗകര്യം ദേവസ്വം ബോർഡ്‌ ഒരുക്കി. ഇതുകൂടാതെ 5,000 പേർക്ക്‌ സ്‌പോട്ട്‌ ബുക്കിങ്‌ വഴിയും വരാം. ഇതുവരെ പരമാവധി 30,000 പേർക്കായിരുന്നു പ്രവേശനം. നിലയ്‌ക്കൽ, എരുമേലി ഉൾപ്പെടെ പത്തിടത്ത്‌ സ്‌പോട്ട്‌ ബുക്കിങ്‌ നടത്താം. നിലവിൽ 15,000ത്തോളം പേരാണ്‌ പ്രതിദിനം എത്തുന്നത്‌.

നിലവിൽ ഉപയോഗിക്കുന്ന സ്വാമി അയ്യപ്പൻ റോഡിനുപുറമേ പരമ്പരാഗതപാതയും കാനനപാതയും തുറന്നുകൊടുക്കാനുള്ള നടപടികൾ ആരംഭിച്ചു. പരമ്പരാഗത പാതയിലെ കാട്‌ വെട്ടിത്തെളിച്ചു. പാതയിലെ ആരോഗ്യസ്ഥാപനങ്ങൾ സജ്ജമാക്കൽ 80 ശതമാനം പൂർത്തിയായി. സന്നിധാനത്ത്‌ തങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തും. ഈ വിഷയങ്ങളിൽ ഉടൻ തീരുമാനമുണ്ടാക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. സന്നിധാനത്തും പമ്പയിലും മന്ത്രി നേരിട്ടെത്തി സാഹചര്യങ്ങൾ വിലയിരുത്തും.
തീർഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കാൻ പത്തനംതിട്ട കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിൽ ശബരിമല ഹബ്‌ തുടങ്ങി.

കടകൾ തുറക്കാൻ 
ചർച്ച നടത്തും
ശബരിമലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള വാണിജ്യസ്ഥാപനങ്ങളുടെ ഷോപ്പുകൾ തുറക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചാൽ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 30 കടകൾകൂടി ലേലത്തിൽ പോയി. 

ശബരിമലയിൽ കടകളുടെ വാടകനിരക്ക് കുറയ്ക്കാൻ കരാറുകാർ സംഘംചേർന്ന് നീക്കം നടത്തുന്നതായി സംശയമുയർന്നതിനെ തുടർന്നാണ് കോടതി വിശദീകരണം തേടിയത്. സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ടാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്. ഹോട്ടലുകളും കടകളും വാണിജ്യസ്ഥാപനങ്ങളും ലേലത്തിൽ പോകാത്തത് ഭക്തർക്ക് അസൗകര്യവും ബോർഡിന് നഷ്ടവും ഉണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ട്രാക്ടറിൽ ആളെ കയറ്റുന്നത് വിലക്കി
ശബരിമലയിൽ ചരക്കെത്തിക്കാൻ ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ആളെ കയറ്റുന്നത് ഹൈക്കോടതി കർശനമായി വിലക്കി. ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കാനും ഉടമയ്‌ക്കും ഡ്രൈവർക്കുമെതിരെ കേസടുക്കാനും കോടതി ഉത്തരവിട്ടു. കാനനപാതയിൽ ട്രാക്ടറിൽ ഭക്തരെ കയറ്റിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. സ്വാമി അയ്യപ്പൻറോഡിലും മറ്റും ഭക്തരെ ട്രാക്ടറിൽ കയറ്റുന്നത് വിലക്കി 2014ൽ ഹൈക്കോടതി ഉത്തരവിട്ടി
രുന്നു.

ട്രാക്ടറിൽ ഭക്തരെയും ഉദ്യോഗസ്ഥരെയും പൊലീസുകാരെയും കയറ്റരുതെന്ന് നിർദേശം നൽകിയിരുന്നതായി പൊലീസ് അറിയിച്ചു. ട്രാക്ടറിൽ ആളെ കയറ്റിയാൽ സിസിടിവി കൺട്രോൾ പാനലുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് കോടതി തീർപ്പാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top