പമ്പ> മണ്ഡല, മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി എല്ലാ വകുപ്പുകളും സമയബന്ധിതമായി തീർഥാടകർക്കാവശ്യമായ മുഴുവൻ ക്രമീകരണവും ഉറപ്പാക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മണ്ഡല ഉത്സവത്തിന് നവംബർ 17ന് തുടക്കമാകും. മണ്ഡലകാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പമ്പയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അമ്പത് ലക്ഷം തീർഥാടകരാണ് കഴിഞ്ഞ സീസണിൽ എത്തിയത്. ഇത്തവണ തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാവും. ത്രിതല പഞ്ചായത്തുകളും മികച്ച രീതിയിൽ ഇടപെടണമെന്ന് മന്ത്രി പറഞ്ഞു.
ആറ് ഘട്ടങ്ങളിലായാണ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. ആദ്യ മൂന്നുഘട്ടങ്ങളിൽ 2000 പേർ വീതവും പിന്നീടുള്ള ഘട്ടങ്ങളിൽ 2500 പേരെ വീതവും നിയോഗിക്കും. വനം വകുപ്പ് മൂന്ന് ശബരിമല പാതകളിലും എമർജൻസി ഓപറേഷൻ സെന്ററുകൾ സ്ഥാപിക്കും. ശുചീകരണത്തിന് എക്കോ ഗാർഡുകളെയും നിയമിക്കും. കെഎസ്ആർടിസി 200 ചെയിൻ സർവീസുകളും 150 ദീർഘദൂര സർവീസുകളും നടത്തും. ആരോഗ്യ വകുപ്പ് സന്നിധാനം, പമ്പ, നിലയ്ക്കൽ, റാന്നി, റാന്നി പെരുനാട് തുടങ്ങിയ തീർഥാടന പാതയിലെ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും ഉദ്യോഗസ്ഥരേയും ആംബുലൻസും സജ്ജമാക്കും. ഫയർഫോഴ്‌സ് 21 താൽക്കാലിക സ്റ്റേഷൻ തുടങ്ങും. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി നടപ്പാക്കും. 18 ടീം 24 മണിക്കൂറും പട്രോളിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇലവുങ്കൽ നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പണികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ആവശ്യപ്പെട്ടു.
പത്തനംതിട്ട കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, കോട്ടയം കലക്ടർ വി വിഗ്‌നേശ്വരി, ഡിഐജി ആർ നിശാന്തിനി, ദേവസ്വം സെക്രട്ടറി രാജമാണിക്യം, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത്, ഇടുക്കി ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ്, റാന്നി - പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, ദേവസ്വം ബോർഡ് സെക്രട്ടറി ജി ബൈജു, ബോർഡംഗം എസ് എസ് ദേവൻ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പമ്പയിൽ തീർഥാടകർക്ക് സെമി പെർമനന്റ് പന്തലുകൾ
പമ്പയിൽ തീർഥാടകർക്ക് ഇരിക്കാനും ക്യൂ നിൽക്കാനും സെമി പെർമനന്റ് പന്തലുകൾ നിർമിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു. പമ്പയിലെ ക്യൂ കോംപ്ലക്‌സ് ഡിജിറ്റലൈസ് ചെയ്യും. 168 പുതിയ മൂത്രപ്പുരകൾ നിർമിക്കും. 36 എണ്ണം വനിതകൾക്ക് മാത്രമാകും. നിലയ്ക്കൽ വാഹന പാർക്കിങിന് ഐസിഐസിഐ ബാങ്കുമായി ചേർന്ന് ഫാസ്റ്റ് ടാഗ് സംവിധാനമൊരുക്കും. നിലയ്ക്കലിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..