29 March Friday
വ്യാജപാസ്: യുവമോര്‍ച്ച നേതാവ് അറസ്റ്റിൽ

മകരവിളക്ക്‌ : ആൾത്തിരക്കില്ലാതെ മകരജ്യോതി ദർശിച്ചു ; ആയിരങ്ങൾ മലയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

ഭക്തി സാന്ദ്രം ശബരിമല സന്നിധാനത്ത് മകരവിളക്ക്  തൊഴുന്ന തീർഥാടകർ 


കർശന കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ നടന്ന ശബരിമല മകരവിളക്ക്‌ മഹോത്സവത്തിന്‌ പരിസമാപ്‌തി. വൈകിട്ട്‌ തിരുവാഭരണം ചാർത്തി  ദീപാരാധന കഴിഞ്ഞതോടെ ആകാശത്ത്‌ മകരജ്യോതിയും പൊന്നമ്പലമേട്ടിൽ മകരവിളക്കും ദർശിച്ച്‌ ആയിരങ്ങൾ മലയിറങ്ങി.

പന്തളം കൊട്ടാരത്തിൽനിന്ന് കൊണ്ടുവന്ന തിരുവാഭരണം വ്യാഴാഴ്‌ച വൈകിട്ട്‌ ആറരയോടെ അയ്യപ്പസന്നിധിയിൽ എത്തിച്ചു. പതിനെട്ടാംപടിക്ക് മുകളിൽ  ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബോർഡ്‌ പ്രസിഡന്റ് അഡ്വ. എൻ വാസു, ബോർഡ്‌ അംഗങ്ങൾ ചേർന്ന്‌ ഏറ്റുവാങ്ങി. തുടർന്ന്‌  ശ്രീകോവിലിലേക്ക് ആനയിച്ച തിരുവാഭരണ പേടകം തന്ത്രി കണ്ഠര്‌ രാജീവരും മേൽശാന്തി വി കെ ജയരാജ് പോറ്റിയും ഏറ്റുവാങ്ങി. പിന്നീട്‌  തിരുവാഭരണം ചാർത്തി ദീപാരാധന നടത്തി. 

രാജു ഏബ്രഹാം എംഎൽഎ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. കെ എസ്‌ രവി, പി എം തങ്കപ്പൻ, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ, ശബരിമല സ്‌പെഷൽ കമീഷണർ എം മനോജ്, എഡിജിപി എസ് ശ്രീജിത്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണർ ബി എസ് തിരുമേനി തുടങ്ങിയവരും ദേവസ്വം ബോർഡിലേയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും ദർശനത്തിന്‌ എത്തിയിരുന്നു.

മകരസംക്രമ പൂജ വ്യാഴാഴ്‌ച രാവിലെനടന്നു. പുലർച്ചെ അഞ്ചിന് നടതുറന്ന് നിർമാല്യ ദർശനത്തിനും പതിവ് അഭിഷേകത്തിനും ശേഷം 8.14 നായിരുന്നു മകരവിളക്ക് ദിവസത്തെ ഏറ്റവും പ്രധാനമായ മകര സംക്രമ പൂജ നടന്നത്‌. കവടിയാർ കൊട്ടാരത്തിൽനിന്ന്‌ കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് തന്ത്രി കണ്ഠര് രാജീവര് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകംനടത്തി പൂജചെയ്തു.കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ 5000 പേർക്കാണ് പ്രവേശനം‌നൽകിയത്‌.

വ്യാജപാസ്: യുവമോര്‍ച്ച നേതാവ് അറസ്റ്റിൽ
ശബരിമല ദർശനത്തിന്‌ തീർഥാടകർക്ക് വ്യാജപാസ് നിർമിച്ചു നൽകിയതിന്‌ യുവമോർച്ച നേതാവ്‌ പിടിയിലായി. യുവമോർച്ച വട്ടവട പഞ്ചായത്ത് പ്രസിഡന്റും താലൂക്ക് കമ്മിറ്റി അംഗവുമായ ശിവ എന്ന ആർ ശിവശങ്കരനെ(28)  പമ്പ പൊലീസ് കോവല്ലൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു.

വട്ടവടയിൽനിന്ന്‌ ശബരിമല ദർശനത്തിനു പോയ 12 തീർഥാടകർ നൽകിയ പാസിൽ സംശയംതോന്നി പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് മനസ്സിലാക്കി പമ്പ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇവരെ ചോദ്യംചെയ്‌തപ്പോൾ യുവമോർച്ച നേതാവാണ്‌ പണം വാങ്ങി പാസ് നൽകിയതെന്ന് മനസ്സിലായി. പമ്പ എസ്ഐ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം മൂന്നാറിലെത്തി ദേവികുളം എസ്ഐ ജോയ് ജോസഫിന്റെ സഹായത്തോടെയാണ്‌ ശിവയെ അറസ്റ്റ് ചെയ്തത്. യുവമോർച്ച നേതാവായ ശിവശങ്കരൻ ‘വട്ടവട വാർത്തകൾ’ എന്ന പേരിൽ പ്രദേശിക ചാനലും നടത്തുന്നു. കംപ്യൂട്ടർ പരിജ്ഞാനമുള്ളയാളെന്ന നിലയിലാണ് ഓൺലൈൻ പാസിനായി ശിവശങ്കരനെ സമീപിച്ചതെന്ന് തീർഥാടകർ പൊലീസിനോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top