11 August Thursday

"ഹലാൽ ശർക്കര' കമ്പനിയുടമ മഹാരാഷ്‌ട്രയിലെ ശിവസേന നേതാവ്‌; ലേബൽ കയറ്റുമതി ഗുണനിലവാരം ഉറപ്പാക്കാൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

കൊച്ചി > ശബരിമലയിൽ "ഹലാൽ ശർക്കര' വിവാദമുണ്ടാക്കാനുളള സംഘ്‌പരിവാർ പ്രചാരണം പൊളിഞ്ഞു. ശർക്കര ഉൽപാദിപ്പിക്കുന്ന കമ്പനി മുസ്ലിം ഉടമസ്ഥതയിലുള്ളളതാണെന്ന്‌ സ്ഥാപിക്കാനുള്ള ശ്രമമാണ്‌ യഥാർത്ഥ ഉടമയെ കണ്ടെത്തിയതോടെ പൊളിഞ്ഞത്‌. മഹാരാഷ്‌ട്രയിലെ വർധൻ അഗ്രോ പ്രോസസിങ്‌ കമ്പനിയാണ് ശബരിമലയിലേക്ക്‌ 2019 -20ൽ ശർക്കര വിതരണം ചെയ്‌തത്. ധൈര്യശീല്‍ ഡി കദം എന്നയാളാണ്‌ കമ്പനിയുടെ ചെയർമാൻ. ഇദ്ദേഹം  മഹാരാഷ്ട്രയിലെ ശിവസേനാ നേതാവാണ്.

2019 ഒക്ടോബര്‍ 1ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീട്ടിലെത്തി ശിവസേനയില്‍ അംഗത്വമെടുക്കുന്നതിന്റെ വീഡിയോ ഫെയ്‌സ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരുന്നു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കരാട് നോര്‍ത്ത് മണ്ഡലത്തില്‍ ശിവസേനാ സ്ഥാനാര്‍ഥിയായിരുന്നു ധ്യാന്‍ദേവ്. സതാര ജില്ലയിലെ മണ്ഡലത്തില്‍ എന്‍സിപിയുടെ ബാലാസാഹെബ് പന്‍ദുറങ് പാട്ടീലിനോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്. 39791 വോട്ടുനേടി സ്വതന്ത്രനായ മനോജ് ഭീംറാവു ഘോര്‍പാഡെയ്ക്കും താഴെ മൂന്നാമതായിരുന്നു ധ്യാന്‍ദേവ്.

2019 -20ൽ ഇവർ എത്തിച്ച ചില പാക്കറ്റുകളിൽ ഹലാൽ സർട്ടിഫിക്കേഷൻ ലേബൽ കണ്ടതിനെ തുടർന്ന് അന്വേഷണം നടത്തിയതായി ദേവസ്വം ബോർഡ്‌ ഹൈക്കോടതിയെ അറിയിച്ചു. തങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ടെന്നും ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് സർട്ടിഫിക്കേഷൻ എടുത്തതെന്ന് കമ്പനി അറിയിച്ചുവെന്നും ബോർഡ് വ്യക്തമാക്കി.

ശബരിമല പ്രസാദം നിർമിക്കാൻ ഹലാൽ ശർക്കര ഉപയോഗിക്കുന്നു എന്ന ആരോപണം തീർഥാടനം അലങ്കോലമാക്കാനും മതസൗഹാർദം തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും ദേവസ്വം ബോർഡ്‌ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌. ഭക്തരുടെ വികാരം മുതലെടുക്കാൻ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് അപ്പം, അരവണ വിതരണം അട്ടിമറിക്കാനും ദേവസ്വം ബോർഡിന് വൻ നഷ്‌ടം ഉണ്ടാക്കാനുമാണ് ശ്രമമെന്നും ബോർഡ് സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.

അപ്പം - അരവണ എന്നിവ നിർമിക്കാൻ ഹലാൽ സർട്ടിഫിക്കേഷനുള്ള ശർക്കര ഉപയോഗിക്കുന്നുണ്ടെന്നാരോപിച്ച്‌  എറണാകുളം പനമ്പിള്ളി നഗർ സ്വദേശി എസ്  ജെ ആർ കുമാർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. പ്രസാദം നിർമാണത്തിന് പുതിയ ശർക്കരയാണ് ഉപയോഗിക്കുന്നത്. 2020-–-21 കാലയളവിലേക്ക് അഞ്ചുലക്ഷം കിലോ ശർക്കരയാണ് സംഭരിച്ചത്. ഭക്ഷ്യ സുരക്ഷാവകുപ്പിനുകീഴിൽ കർശന പരിശോധനയ്‌ക്കുശേഷം ഗുണനിലവാരം ഉറപ്പുവരുത്തിയാണ് സന്നിധാനത്തേക്ക് അയക്കുന്നത്. കോവിഡ് മൂലം 2019-–-20ൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രസാദം നിർമാണം ചുരുക്കി. ബാക്കി വന്ന മൂന്നരലക്ഷം കിലോ ശർക്കര ഉപയോഗിക്കാനാകില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് കാലിത്തീറ്റ നിർമാതാക്കൾക്ക് ലേലം ചെയ്‌ത് നൽകി.

വാസ്‌തവവിരുദ്ധവും  അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഹർജി ദുഷ്‌ടലാക്കോടെയുള്ളതാണെന്നും വ്യാജപ്രചാരണത്തിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു. ഹർജിക്കാരന് എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ കോടതി നിർദേശിച്ചു. കേസ് തിങ്കളാഴ്‌ച പരിഗണിക്കാൻ മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top