18 April Thursday

ശബരിമലയിൽ അപ്പവും അരവണയും വിൽപന കൂടി; പുതിയ കൗണ്ടർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

ശബരിമല > അപ്പം, അരവണ എന്നിവയുടെ വിൽപന കഴിഞ്ഞ വർഷത്തേക്കാൾ ഏറെ മുന്നിൽ. ദിവസം 60,000 മുതൽ 70,000 ടിൻ വരെ അരവണ  കൊടുക്കുന്നുണ്ട്‌. ഒരുലക്ഷം ടിൻ കരുതലായി ശേഖരത്തിലുണ്ട്‌. വിൽപന കൂടിയ സാഹചര്യത്തിൽ കരുതൽ ശേഖരം വർധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.

അപ്പം ഒരു ദിവസം 20,000–-25,000 പാക്കറ്റുകൾ വിറ്റുപോകുന്നു. നടവരവിലും കഴിഞ്ഞവർഷത്തേക്കാൾ വലിയ വർധനയുണ്ട്‌. ഇതുവരെ 14 കോടിയിലധികം രൂപയുടെ വരുമാനമുണ്ടായി. അപ്പം, അരവണ വിതരണത്തിന്‌ സന്നിധാനത്ത് ദേവസ്വം ബോർഡ് പുതുതായി രണ്ട് കൗണ്ടറുകൾ കൂടി തുറന്നു. ഇതോടെ ആകെ കൗണ്ടറുകളുടെ എണ്ണം എട്ടായി. സന്നിധാനത്ത് അഭിഷേകത്തിനായി നെയ്യ്‌ നൽകാൻ രണ്ട് കൗണ്ടറുകളാണുള്ളത്.

നെയ്യ് സ്വീകരിക്കാൻ ശ്രീകോവിലിന് പിറകുവശത്തും വടക്കുവശത്തും ഓരോ കൗണ്ടറുണ്ട്‌. മരാമത്ത് കോംപ്ലക്‌സിന് താഴെയുള്ള കൗണ്ടറിൽനിന്ന് അഭിഷേകം ചെയ്‌ത നെയ്യ് തീർഥാടകർക്ക് ലഭിക്കും. തീർഥാടകരുടെ എണ്ണം വർധിക്കുന്നതോടെ പ്രസാദ വിതരണത്തിന് കൂടുതൽ കൗണ്ടറുകൾ തുറക്കുന്നത് പരിഗണിക്കുമെന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ കൃഷ്ണകുമാരവാര്യർ പറഞ്ഞു.

മെഷീന്‍ ചായ, കോഫി ഉള്‍പ്പെടെ അഞ്ചിനങ്ങള്‍ക്ക് വില നിശ്ചയിച്ചു

മണ്ഡല–--മകരവിളക്കിനോടനുബന്ധിച്ച് മെഷീൻ ചായ, കോഫി ഉൾപ്പടെ അഞ്ചിനങ്ങൾക്ക് വില നിശ്ചയിച്ച് കലക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി. ചായ (മെഷീൻ 90 എംഎൽ) സന്നിധാനത്ത് ഒമ്പത്‌ രൂപ. പമ്പ, ഔട്ടർ പമ്പ എന്നിവിടങ്ങളിൽ എട്ട്‌ രൂപ. കോഫി (മെഷീൻ 90 എംഎൽ) സന്നിധാനത്ത് 11 രൂപ, പമ്പ, ഔട്ടർ പമ്പ എന്നിവിടങ്ങളിൽ 10 രൂപ. മസാല ടീ (മെഷീൻ 90 എംഎൽ) സന്നിധാനത്ത് 17 രൂപ, പമ്പയിൽ 16, ഔട്ടർ പമ്പയിൽ 15. ലെമൺ ടീ (മെഷീൻ 90 എംഎൽ) സന്നിധാനത്ത് 17 രൂപ, പമ്പയിൽ 16, ഔട്ടർ പമ്പയിൽ 15. ഫ്‌ളേവേഡ് ഐസ് ടീ (മെഷീൻ 200 എംഎൽ) സന്നിധാത്ത് 22 രൂപ, പമ്പ, ഔട്ടർ പമ്പ എന്നിവിടങ്ങളിൽ 20 രൂപയുമാണ് വില. നിശ്ചയിച്ചിട്ടുള്ള ഈ വിലവിവരം വ്യാപാരികൾ കടകളിൽ പ്രദർശിപ്പിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു.

ഇ- – -കാണിക്ക നൽകാം

ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക്‌ ഇ-–-കാണിക്ക നൽകാനുള്ള സജ്ജീകരണം ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് ഒരുക്കി. ഗൂഗിൾ പേ വഴി തീർഥാടകർക്ക് കാണിക്ക അർപ്പിക്കാം. ഇതിന്‌ സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യു -ആർ കോഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി 22 ക്യു- ആർ കോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. തീർഥാടകർക്ക് 9495999919 എന്ന നമ്പരിൽ ഗൂഗിൾ പേ ചെയ്യാം. ശബരിമല തീർഥാടന പാതയുടെ വിവിധ ഇടങ്ങളിൽ കൂടുതൽ ക്യു- ആർ കോർഡ് പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസർ  പറഞ്ഞു. ഇ–-കാണിക്കയുമായി ബന്ധപ്പെട്ട് തീർഥാടകരിൽ നിന്ന്‌ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top