25 April Thursday
സിൽവർ ലൈനില്‍ ചര്‍ച്ച നടത്തും: കേന്ദ്രമന്ത്രി

കേരളത്തിന്റെ സമ്മർദം ഫലം കണ്ടു ; ശബരിപാത യാഥാർഥ്യമാകുന്നു , കേന്ദ്രബജറ്റിൽ 100 കോടി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

 

തിരുവനന്തപുരം
കാൽനൂറ്റാണ്ടിലധികമായി കേരളം കാത്തിരിക്കുന്ന അങ്കമാലി-– -എരുമേലി ശബരി റെയിൽപ്പാത യാഥാർഥ്യത്തിലേക്ക്‌. സംസ്ഥാന സര്‍ക്കാരി‍ന്റെ നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍ കേന്ദ്ര ബജറ്റിൽ പദ്ധതിക്ക് 100 കോടി വകയിരുത്തി. നിർമാണച്ചെലവിന്റെ പകുതി  കേരളം ഏറ്റെടുത്തു. ഇതോടെയാണ് സ്വപ്‌നപദ്ധതിക്ക്‌ ചിറക്‌ മുളച്ചത്‌. 1997-–-98ലെ റെയിൽവേ ബജറ്റിലാണ് പദ്ധതി ആദ്യമായി നിർദേശിച്ചത്.

കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡാണ് (കെ–--റെയിൽ) 116 കിലോമീറ്റര്‍ പാതയുടെ വിശദ പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.  3745 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ കെ–- -റെയിലിനെ ചുമതലപ്പെടുത്തണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമലതീർഥാടകരുടെ യാത്രയ്ക്കു പുറമെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളുടെ വാണിജ്യ, വ്യവസായ സാധ്യതകൾക്കും പ്രതീക്ഷ പകരുന്നതാണ് പദ്ധതി. പൂർത്തിയായാല്‍ പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, 
പെരുമ്പാവൂർ, അങ്കമാലി എന്നീ മുനിസിപ്പാലിറ്റികൾക്കും കേരളത്തിലെ 11 ചെറുപട്ടണങ്ങൾക്കും പുതിയ റെയിൽവേ സ്റ്റേഷനുകൾ ലഭിക്കും.

സിൽവർ ലൈനില്‍ ചര്‍ച്ച നടത്തും: കേന്ദ്രമന്ത്രി
സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടുതൽ ചർച്ച നടത്തുമെന്ന് കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവ്‌ പറഞ്ഞു. തിരുവനന്തപുരം– -കന്യാകുമാരി, എറണാകുളം– -കുമ്പളം, കുമ്പളം–- തുറവൂർ,  ഷോര്‍ണൂർ–- എറണാകുളം തുടങ്ങിയ റൂട്ടുകളിൽ പാത ഇരട്ടിപ്പിക്കലിനും കേന്ദ്രബജറ്റിൽ തുക വകയിരുത്തിയെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. മൊത്തം 2.4 ലക്ഷം കോടി വരുന്ന റെയിൽ ബജറ്റില്‍ കേരളത്തിന് 2033 കോടി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top