29 March Friday

റഷ്യൻ തെരഞ്ഞെടുപ്പ്‌: കേരളത്തിലെ വോട്ട്‌ പെട്ടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

റഷ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗോർക്കി ഭവനിൽ ഒരുക്കിയ പോളിങ് ബൂത്തിൽ വോട്ട് ചെയ്യുന്ന റഷ്യൻ വനിത


തിരുവനന്തപുരം
കന്നി വോട്ട്‌ ചെയ്യുന്നതിന്റെ ആകാംക്ഷയും പരിഭ്രമവുമുണ്ടായിരുന്നു മരിയയുടെ മിഴികളിൽ. വോട്ട്‌ പെട്ടിയിലാക്കിയതോടെ സന്തോഷം. ‘ജീവിതത്തിലെ വലിയ ദിവസം’–- മരിയ ആഹ്ലാദം പങ്കിട്ടു.

റഷ്യൻ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ 15 പേരാണ്‌ തിരുവനന്തപുരത്ത്‌ വോട്ട്‌ ചെയ്‌തത്‌. എല്ലാവരും കോവളത്തും വർക്കലയിലും താമസിക്കുന്ന റഷ്യൻ വനിതകൾ. റഷ്യൻ കൾച്ചറൽ സെന്ററായിരുന്നു പോളിങ്‌ സ്റ്റേഷൻ. ഹോളോഗ്രാം പതിച്ചതും നല്ല നീളമുള്ളതുമായിരുന്നു ബാലറ്റ്‌. മത്സരിക്കുന്ന 14 പാർടിയുടെ പേരും ചിഹ്നവുമുണ്ട്‌. റഷ്യൻ പാസ്‌പോർട്ടായിരുന്നു തിരിച്ചറിയൽ രേഖ. കേരളത്തിലേതുപോലെ വിരലിൽ മഷിപുരട്ടലില്ല.

രണ്ടാം തവണയാണ്‌ സോഫിയ തിരുവനന്തപുരത്ത്‌ വോട്ട്‌ ചെയ്യുന്നത്‌. ആദ്യം വോട്ട്‌ ചെയ്‌തത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനായിരുന്നു. ‘രണ്ടും മികച്ച അനുഭവമായിരുന്നു’ –- സോഫിയ പറഞ്ഞു. 20 പേരാണ്‌ വോട്ട്‌ ചെയ്യാൻ താൽപ്പര്യം അറിയിച്ചത്‌. കോവിഡ്‌ വില്ലനായതോടെ എണ്ണം കുറഞ്ഞു.

2018 മാർച്ച്‌ 10ന്‌ റഷ്യൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇവിടെ 40 പേർ വോട്ട്‌ ചെയ്‌തിരുന്നു. വരണാധികാരികളായ ചെന്നൈ റഷ്യൻ കോൺസുലേറ്റിലെ കോൺസുൽ സെർഗിയെ ലഗുറ്റിൻ, വൈസ്‌ കോൺസുൽ അലക്‌സെ ടറാസോവ്‌ എന്നിവർക്ക്‌ പുറമെ കേരള കോൺസുൽ രതീഷ്‌ സി നായർ, റഷ്യൻ ഹൗസ്‌ അസിസ്‌റ്റന്റ്‌ ഡയറക്ടർ കവിത നായർ എന്നിവർ നേതൃത്വം നൽകി. ബാലറ്റ്‌ പേപ്പറുകൾ ചെന്നൈയിലെ റഷ്യൻ കോൺസുലേറ്റിലേക്ക്‌ കൊണ്ടുപോകും. അവിടെനിന്ന്‌ നയതന്ത്രബാഗ്‌ വഴി മോസ്‌കോയിലേക്കും.

റഷ്യയിൽ 17 മുതൽ 19 വരെയാണ്‌ വോട്ടെടുപ്പ്‌. കേരളത്തിലേത്‌ ഉൾപ്പെടെയുള്ള വോട്ടുകൾ ഒരുമിച്ചാണ്‌ എണ്ണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top