20 April Saturday

ആർടിപിസിആർ നിരക്ക്‌ 500 രൂപയാക്കി കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി; പുനപരിശോധിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021

കൊച്ചി > ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് അഞ്ഞൂറ് രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹര്‍ജിക്കാരുടെ ഭാഗം കൂടി കേട്ട് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. നിരക്ക് കുറച്ച ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള നിര്‍ദേശവും കോടതി റദ്ദാക്കി.

കോവിഡ് പരിശോധക്ക് സ്വകാര്യ ലാബുകള്‍ അമിത തുക ഈടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് നിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തുക 500 ആയി നിജപ്പെടുത്തിയത്. പരിശോധനാ നിരക്ക് 1700 ല്‍ നിന്ന് 500 ആയാണ് കുറച്ചത്. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് അക്രഡിറ്റഡ് ലാബുകളും തിരുവനന്തപുരത്തെ ദേവീ സ്‌കാന്‍ സെന്ററും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് ടി ആര്‍ രവി പരിഗണിച്ചത്. സര്‍ക്കാര്‍ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

നിരക്ക് കുറക്കുമ്പോള്‍ പരിശോധയുടെ ഫലപ്രാപ്തിയും കൃത്യതയും കുറയുമെന്നും നിലവിലുള്ള മാനദണ്ഡങ്ങളും ഗുണനിലവാരവും കണക്കിലെടുത്താല്‍ ആയിരത്തി അഞ്ഞുറ് രൂപ ചെലവുണ്ടന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. മറ്റ് പല സംസ്ഥാനങ്ങളിലും
പരിശോധനാ നിരക്ക് കുറവാണന്നും പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പരമാവധി നിരക്ക് 500 രൂപയാണന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പരിശോധനാ സാമഗ്രികള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അറിയിച്ചെങ്കിലും ഹര്‍ജിക്കാര്‍ നിരസിച്ചു. മുന്നാഴ്ചക്കുള്ളില്‍ പുതിയ ഉത്തരവിറക്കണം. 1700 രൂപയാണ്  പരിശോധനാ നിരക്കെന്നും അത് കുറവാണന്നും അതിനാല്‍  നഷ്‌ടമുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലാബുകള്‍ കോടതിയെ സമീപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top