28 March Thursday

റിട്ട. എസ്‌പി പി എം ഹരിദാസ് അന്തരിച്ചു; സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ ഉദ്യോ​ഗസ്ഥൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

കൊല്ലം> സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ റിട്ട. എസ്‌പി പി എം ഹരിദാസ് (82) അന്തരിച്ചു. കൊല്ലം ഉപാസന ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല പുല്ലംപ്ലാവിൽ കുടുംബാ​ഗമാണ്. ഭാര്യ: വസുന്ധര മക്കൾ: ഡോ. രൂപ, ടിക്കു, മരുമകന്‍ രാമനാഥന്‍, സംസ്‌കാരം നാളെ തിങ്കളാഴ്ച രാവിലെ 11ന് നടക്കും.

1984ൽ ചെങ്ങന്നൂർ ഡിവൈഎസ്‌പി ആയിരിക്കെയാണ്‌ ചാക്കോ വധക്കേസ്‌ ഹരിദാസ്‌ അന്വേഷിക്കുന്നത്‌. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിനായി സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി അന്വേഷണം നടത്തി. കേരളത്തിൽ മാത്രം കുറുപ്പിനോട് സാമ്യമുള്ള 32 പേരെ അറസ്റ്റ്‌ ചെയ്‌തു. അന്വേഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന്‌  നിഗമനത്തിലെത്തുകയായിരുന്നു. എന്നാൽ, കേരള പൊലീസിന്റെ ഔദ്യോഗിക രേഖകളിൽ കുറുപ്പ് മരിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

ചാക്കോ വധക്കേസ് ആസ്‌പദമാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിൽ ഇന്ദ്രജിത്താണ് ഡിവൈഎസ്‌പി‌ കൃഷ്‌ണദാസ് എന്ന പേരിൽ അന്വേഷണ ഉദ്യോ​ഗസ്ഥനായി വേഷമിട്ടത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top