09 May Thursday

ആർഎസ്‌എസ്‌ അനുകൂല പരാമർശം : സുധാകരപക്ഷത്തെ വിരട്ടി 
പാട്ടിലാക്കാൻ സതീശൻ

പ്രത്യേക ലേഖകൻUpdated: Thursday Nov 17, 2022


കൊച്ചി
തുടർച്ചയായി ആർഎസ്‌എസ്‌ അനുകൂല പരാമർശം നടത്തുന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പാർടിയിൽ ഒറ്റപ്പെടുന്ന അവസരം മുതലാക്കി കൂടുതൽ സുധാകര അനുകൂല നേതാക്കളെ സ്വപക്ഷത്താക്കാൻ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ നീക്കം ശക്തമാക്കി. ഡിസിസിമുതൽ മുകളിലേക്കുള്ള സുധാകരപക്ഷ നേതാക്കളുടെ പട്ടിക തയ്യാറാക്കി, നേരിൽ കാണാനാണ്‌ സതീശനെ അനുകൂലിക്കുന്നവരുടെ നീക്കം.

ഇതിന്റെ ഭാഗമായി എറണാകുളം ഒഴികെയുള്ള ഡിസിസികളിൽനിന്ന്‌ സുധാകരപക്ഷ നേതാക്കളുടെ പട്ടിക ശേഖരിക്കാൻ സതീശൻ പേഴ്‌സണൽ സ്‌റ്റാഫിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്‌. രമേശ്‌ ചെന്നിത്തലയെ അട്ടിമറിച്ച്‌ പ്രതിപക്ഷനേതാവായെങ്കിലും സതീശന്‌ എറണാകുളം ഡിസിസിയിൽമാത്രമാണ്‌ സ്വാധീനമുള്ളത്‌. മറ്റു ഡിസിസികളിൽ പഴയ ഐ, എ ഗ്രൂപ്പുകൾക്കാണ്‌ മുൻതൂക്കം. അതിൽ ഐ ഗ്രൂപ്പിലെ സുധാകരപക്ഷക്കാരെയാകെ വശത്താക്കി പാർടിയിൽ  കരുത്തുനേടുകയാണ്‌ ലക്ഷ്യം.

ലോക്‌സഭയിലേക്ക്‌ ഇനി മത്സരിക്കില്ലെന്ന്‌ കെ സുധാകരൻ  അഭിമുഖത്തിൽ പറഞ്ഞതും സതീശൻ വിഭാഗത്തിന്റെ എതിർപ്പ്‌ രൂക്ഷമാക്കാനിടയാക്കി. തുടർച്ചയായ ആർഎസ്‌എസ്‌ അനുകൂല പരാമർശങ്ങളെത്തുടർന്ന്‌ എഐസിസി സുധാകരനെ കൈവിടുമെന്നും കൂടെനിന്നാൽ ഭാവിയില്ലെന്നുമാണ്‌ സുധാകരപക്ഷ നേതാക്കൾക്ക്‌  നൽകുന്ന സന്ദേശം. എഐസിസി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെക്ക്‌ പരസ്യപിന്തുണ പ്രഖ്യാപിക്കാതിരുന്നതും ഹൈക്കമാൻഡിന്റെ അപ്രീതിക്ക്‌ കാരണമായതായി സുധാകരാനുകൂലികൾക്കുള്ള മുന്നറിയിപ്പായി പറയുന്നു.  ചെന്നിത്തലമാത്രമാണ്‌ സുധാകരനെ നിലവിൽ പിന്തുണച്ചിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top