23 April Tuesday

ഡിസിസി സെക്രട്ടറിയുടെ അനധികൃത ക്വാറി; ആർഎസ്‌എസ്‌ നേതാവിന്‌ 3 കോടി കോഴ

പ്രത്യേക ലേഖകൻUpdated: Sunday Aug 2, 2020

തിരുവനന്തപുരം> ഡിസിസി സെക്രട്ടറിയുടെ അനധികൃത ക്വാറി പ്രവർത്തിപ്പിക്കുന്നതിന്‌ ആർഎസ്‌എസ്‌ നേതാവ്‌  മൂന്ന്‌ കോടി രൂപ കോഴ വാങ്ങിയതായി വെളിപ്പെടുത്തൽ. കണ്ണൂർ ഡിസിസി സെക്രട്ടറിയും ക്വാറി ഉടമയുമായ സി ജി തങ്കച്ചനാ(ജോർജ്‌)ണ്‌ ‌ ആർഎസ്‌എസ്‌ കണ്ണൂർ വിഭാഗ്‌ സഹകാര്യ വാഹക്‌  പാറ ശശി എന്ന വി ശശിധരന്‌ പണം നൽകിയത്‌‌. ചെണ്ടയാട്ടെ മുതിർന്ന ആർഎസ്‌എസ്‌ നേതാവ്‌ പി കെ ചാത്തുവാണ്‌  ഖനന മാഫിയയുമായി ആർഎസ്‌എസിനും കോൺഗ്രസിനുമുള്ള ബന്ധം വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്‌.   

ചെണ്ടയാട്ടെ തന്റെ സ്ഥലത്താണ്‌ തങ്കച്ചൻ അനധികൃതമായി കരിങ്കൽ ക്വാറി നടത്തിയതെന്ന്‌ ചാത്തു പറഞ്ഞു‌. ഇതിന്‌ വാടക വേണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും തങ്കച്ചൻ നൽകാത്തതിനാൽ ആർഎസ്‌എസ്‌ നേതാക്കളുടെ സഹായം തേടി. ക്വാറി തുടർന്നും നടത്താനും സ്ഥല വാടകയായി തനിക്ക്‌‌ 1.50 കോടി രൂപ നൽകാനും ആർഎസ്‌എസ്‌ മാധ്യസ്ഥത്തിൽ തീരുമാനമായി. നാലുകോടിയാണ്‌ താൻ ആവശ്യപ്പെട്ടത്‌. തങ്കച്ചനിൽനിന്ന്‌ മൂന്ന്‌ കോടി രൂപ വാങ്ങിയ പാറ ശശി, തനിക്ക്‌‌ ഒന്നും നൽകിയില്ല.

ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന്‌ ആർഎസ്‌എസ്‌ നേതാവ്‌ സുരേഷ്‌ബാബു ഭീഷണിപ്പെടുത്തി. മധ്യസ്ഥത്തിന്റെ പേരിൽ ആർഎസ്‌എസ്‌ നേതാക്കളായ അഡ്വ. കെ കെ ബലറാം, ആറളം സജീവൻ, ബിജെപി ജില്ലാ സെക്രട്ടറി വി പി സുരേന്ദ്രൻ എന്നിവരും വഞ്ചനയ്‌ക്ക്‌ കൂട്ടുനിന്നു. 150 ലോഡ്‌ കരിങ്കല്ലാണ്‌ ക്വാറിയിൽനിന്ന്‌ ദിവസവും കൊണ്ടുപോയിരുന്നത്‌.  ദിവസം 35 ലക്ഷം രൂപയുടെ കരിങ്കല്ല‌്‌ ലഭിക്കും. ഇതിന്‌ ദിവസം ഒരു ലക്ഷം രൂപയും പാറ ശശി വാങ്ങുന്നണ്ട്‌. ക്വാറിക്കടുത്ത്‌  ദൂരുഹമായി കൊല്ലപ്പെട്ട വാസുവിന്റെ മരണവും ഗൂഢാലോചനയും സമഗ്രമായി അന്വേഷിക്കണം. ഈ കേസിൽ തന്നെ പ്രതിയാക്കി ജയിലിലടയ്ക്കുകയായിരുന്നു. ക്വാറിയിൽ ലോറിയിടിച്ച്‌ കൊല്ലാനും ശ്രമിച്ചു. തങ്കച്ചനെ കൊല്ലാനും നേതാക്കൾ ‌തന്നോട്‌ നിർദേശിച്ചു.

പണത്തിനായി  സ്വന്തം സംഘടനയിൽപെട്ടവരെപോലും വഞ്ചിക്കുന്നവരാണ്‌ ആർഎസ്‌എസ്‌ നേതൃത്വത്തിൽ ഇപ്പോഴുള്ളത്‌.  ഇവരെ തിരുത്താനും നടപടിയെടുക്കാനും സംസ്ഥാന നേതൃത്വം ഭയക്കുന്നത്‌  ഇവരുടെ വിഹിതം പറ്റുന്നതുകൊണ്ടാണ്‌. ഇവരിൽ പലർക്കും ക്രഷറുകളിലും പെട്രോൾ പമ്പുകളിലും ബേ‌ക്കറികളിലും ഷോപ്പിങ്‌‌ കോംപ്ലക‌്സുകളിലും ഓഹരിയുണ്ട‌്‌. കണ്ണൂർ ജില്ലയിലെ ആർഎസ്‌എസ്‌–-ബിജെപി നേതൃത്വം ഖനന മാഫിയയുടെ പങ്കാളികളും സംരക്ഷകരുമാണെന്നും ചാത്തു പറഞ്ഞു.
   ചാത്തുവിന്റെ  മരുമക്കളായ കെ  നാരായണൻ, കെ പ്രദീപൻ, ബിജെപി പ്രവർത്തകരായ കളത്തിൽ കുഞ്ഞികൃഷ്‌ണൻ, കെ ടി ഹരീന്ദ്രൻ എന്നിവരും  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top