20 April Saturday

ഡിവൈഎഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമം: 5 ആർഎസ്എസുകാർക്ക് ഏഴരവർഷം തടവ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

കൊല്ലം> ഡിവൈഎഫ്ഐ പ്രവർത്തകരെ രാത്രി വീട്ടിൽക്കയറി വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് ആർഎസ്എസുകാർക്ക് ഏഴര വർഷം തടവുശിക്ഷ. പെരിനാട് കുഴിയം വയലിൽവീട്ടിൽ ഉണ്ണിക്കൃഷ്ണൻ (30), പെരിനാട് പഞ്ചായത്ത് ഓഫീസിനു സമീപം ദ്വാരകാസദനം വടക്കതിൽ വീട്ടിൽ ലല്ലു എന്ന അനൂപ് കൃഷ്ണൻ (27), പെരിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം വിഷ്ണുരാജ് ഭവനിൽ കുട്ടൻ എന്ന വിഷ്ണുരാജ് (31),  കിണറുവിളവീട്ടിൽ ഗീരീഷ് (29), പെരിനാട് വിഷ്ണുരാജ് ഭവനിൽ കുക്കു എന്ന രാഹുൽ (29) എന്നിവരെയാണ് ശിക്ഷിച്ചത്. 5000 രൂപ വീതം പിഴയും അടയ്‌ക്കണം. ഇല്ലെങ്കിൽ നാലുമാസംകൂടി തടവ് അനുഭവിക്കണം. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി ഉഷ നായരാണ് ശിക്ഷ വിധിച്ചത്.

2016 സെപ്തംബർ 21നു രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം. ചെറുമൂട് സുജാവിലാസത്തിൽ അജീഷ്, സഹോദരങ്ങളായ അനീഷ്, രജീഷ് എന്നിവരെയാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി വധിക്കാൻ ശ്രമിച്ചത്. ബിജെപി അനുഭാവികളായിരുന്ന അജീഷും സഹോദരൻമാരും ഡിവൈഎഫ്ഐ പ്രവർത്തകരായതിലെ വിരോധംമൂലമായിരുന്നു ആക്രമണം. വീട്ടിലെത്തിയ പ്രതികൾ ഒമ്നി വാൻ അടിച്ചുതകർത്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ അജീഷിന്റെ വാരിയെല്ലിന് ഉണ്ണിക്കൃഷ്ണൻ കമ്പിവടികൊണ്ട് അടിച്ചു. അസ്ഥിക്ക് പൊട്ടലുണ്ടായി. അനൂപ്കൃഷ്ണൻ സ്റ്റീൽപൈപ്പ്‌ കൊണ്ട് അജീഷിന്റെ ഇടതുകാൽ മുട്ടിലും ഇരുതുടകളിലും അടിച്ചു. തടയാൻ ശ്രമിച്ച രജീഷിനെ വിഷ്ണുരാജ് മുളവടികൊണ്ട് നെഞ്ചിന് അടിച്ചു. തടയാനെത്തിയ അജീഷിന്റെ ഭാര്യ സരിതയെയും ആക്രമിച്ചു. ശബ്ദം കേട്ട് അയൽവാസികളെത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.  ഉണ്ണിക്കൃഷ്ണന് കമ്പിവേലിയിൽ കുടുങ്ങി മുറിവേറ്റു. ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. ​

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അരമന സി കെ സൈജു, വി വിനോദ് എന്നിവർ ഹാജരായി. 15 സാക്ഷികളെ വിസ്തരിച്ചു. 34 രേഖയും 10 തൊണ്ടിമുതലും ഹാജരാക്കി. കുണ്ടറ ഇൻസ്പെക്ടറായിരുന്ന എ ജയകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് സീനിയർ സിവിൽ പൊലീസ് ഓഫീസർ ഡി മേഴ്സി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top