28 March Thursday

ആർഎസ്‌എസ്‌ ഇടപെട്ടു ; 10 ദിവസത്തിനകം
 നടപടിയെന്ന്‌; ബിജെപി
 ഓഫീസ്‌ ഉപരോധം നിർത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022


കാസർകോട്‌
സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിനുമെതിരെ പ്രതിഷേധമുയർത്തി പ്രവർത്തകർ നടത്തിവന്ന ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ്‌ ഉപരോധം താൽക്കാലികമായി നിർത്തി. പ്രശ്‌നത്തിൽ 10 ദിവസത്തിനകം നടപടിയെടുക്കാമെന്ന്‌ ആർഎസ്‌എസ്‌ നേതൃത്വം ഉറപ്പുനൽകിയതായി പ്രതിഷേധക്കാരുടെ നേതാവ്‌ കെ ശങ്കരൻ പറഞ്ഞു.

കേന്ദ്ര സർവകലാശാലയിലെ നിയമനങ്ങളിൽ അഴിമതി ആരോപിച്ച്‌ കെ സുരേന്ദ്രനും പാർശ്വവർത്തികൾക്കുമെതിരെ  ബിജെപിയിലെ ഒരുവിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. രണ്ട്‌ ദിവസമായി തുടരുന്ന ജില്ലാ കമ്മിറ്റി ഓഫീസ്‌ ഉപരോധം പാർടിക്ക്‌ നാണക്കേടുണ്ടാക്കിയതോടെ സംഘപരിവാർ നേതാക്കളുടെ യോഗം വെള്ളിയാഴ്‌ച താളിപ്പടുപ്പിലെ ആർഎസ്‌എസ്‌ കാര്യാലയത്തിൽ വളിച്ചുചേർത്തു. കർണാടക, കേരള നേതാക്കളുടെ യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും പങ്കെടുത്തു. ആർഎസ്‌എസ്‌ നേതാക്കൾ ഉപരോധക്കാരുമായി ചർച്ച നടത്തി.

കെ സുരേന്ദ്രന്റ അടുത്തയാളുകളായ സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്‌, കെ സുരേഷ്‌കുമാർ ഷെട്ടി, കെ മണികണ്‌ഠ റൈ എന്നിവർക്കെതിരെ സംസ്ഥാന കമ്മിറ്റി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ്‌ വ്യാഴാഴ്‌ച രാവിലെ പ്രതിഷേധം തുടങ്ങിയത്‌. രാത്രിയിലും തുടർന്നു. നേരത്തെ നൽകിയ ഉറപ്പ്‌ പാലിക്കാത്തതിനാലാണ്‌ രണ്ടാംതവണ പ്രവർത്തകർ പാർടി ഓഫീസ്‌ ഉപരോധിച്ചത്‌. പ്രവർത്തകരെ തൽക്കാലം അടക്കിനിർത്താനുള്ള അടവാണ്‌ ആർഎസ്‌എസ്‌ പയറ്റുന്നത്‌. നേതാക്കൾക്കെതിരെ നടപടിക്ക്‌ സാധ്യത കുറവാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top