29 March Friday

ആർഎസ്‌പി പ്രേമചന്ദ്രന്‌ ചുറ്റുമായി; നഷ്‌ടം ഷിബുവിന്‌, പ്രവർത്തകർ കടുത്ത നിരാശയിൽ

സ്വന്തം ലേഖകൻUpdated: Thursday Jan 20, 2022
കൊല്ലം > ഇടതുപക്ഷ മുഖംനഷ്‌ടപ്പെടുത്തി രാഷ്‌ട്രീയ ഭൂമികയിൽനിന്നകന്ന ആർഎസ്‌പി നേരിടുന്നത്‌ വൻ പ്രതിസന്ധി. സെപ്‌തംബറിൽ കൊല്ലത്ത്‌ നടക്കുന്ന അഖിലേന്ത്യാ സമ്മേളനവും അതിനുമുന്നോടിയായുള്ള സംസ്ഥാന സമ്മേളനവും നിർണായകമാകും. എൻ കെ പ്രേമചന്ദ്രന്‌ ചുറ്റുമായി കറങ്ങുന്ന പാർടിയെ യുഡിഎഫിൽ ആർഎസ്‌പിയെ തളച്ചിട്ട്‌ രാഷ്‌ട്രീയ വ്യക്‌തിത്വം തകർത്തതിൽ പ്രവർത്തകർ കടുത്ത നിരാശയിലാണ്‌. സംസ്ഥാന സെക്രട്ടറി എ എ അസീസും ഷിബു ബേബിജോണും മൗനത്തിലാണ്‌.
 
സംസ്ഥാന സെക്രട്ടറിയാകാമെന്നുള്ള പ്രതീക്ഷയാണ്‌ ഷിബുവിന്റെ മൗനത്തിന്‌ കാരണം. പ്രായാധിക്യവും അനാരോഗ്യവും പറഞ്ഞ്‌ അസീസിനെ ഒഴിവാക്കാമെന്നും ഷിബുവിന്റെ വഴി ഉറപ്പിക്കാമെന്നുമാണ്‌ പ്രേമചന്ദ്രനുമായുണ്ടാക്കിയിട്ടുള്ള ധാരണ. എന്നാൽ, ഇക്കാര്യത്തിൽ ഒരു ഉറപ്പുമില്ല. പാർടിയുടെ താക്കോൽസ്ഥാനം കൈവിട്ടുള്ള പരീക്ഷണങ്ങൾക്ക്‌ പ്രേമചന്ദ്രൻ മുതിരില്ലെന്ന്‌ അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. എംപി സ്ഥാനം കഴിഞ്ഞാൽ പിന്നെന്ത്‌ എന്ന ചോദ്യത്തിനുള്ള മുൻകരുതലാണ്‌ വരുന്ന സംസ്ഥാന സമ്മേളനം. ഇരവിപുരം സീറ്റ്‌ മകനുവേണ്ടി റിസർവ്‌ചെയ്‌ത തന്ത്രം സമ്മേളനത്തിലും നടപ്പാക്കും. ഷിബു ബേബിജോൺ ആർഎസ്‌പി ബി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന ആളാണ്‌ കഴിഞ്ഞദിവസം രാജിവച്ച ആർ ശ്രീധരൻപിള്ള. ബി പ്രശാന്ത്‌, ആർ പ്രദീപ്‌, ആർ ശ്രീരാജ്‌ തുടങ്ങിയവരും ഷിബുവിനൊപ്പമുണ്ടയിരുന്നവർ.
 
വ്യക്തിതാൽപ്പര്യത്തിന്റെ ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട പ്രത്യയശാസ്‌ത്രം സ്വതന്ത്രമാകുമെന്ന്‌ കാത്തിരുന്ന്‌ മടുത്തവർ കൂട്ടത്തോടെ പാർടിവിടുകയാണ്‌. ബിജെപിയുടെ തീവ്രഹിന്ദുത്വത്തിനും കോൺഗ്രസിന്റെ മൃദുഹിന്ദുത്വനത്തിനുമെതിരെ പാർടിക്ക്‌ മിണ്ടാട്ടമില്ല.  യുഡിഎഫിൽ എത്തിയശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ആർഎസ്‌പി വട്ടപ്പൂജ്യമായി. സ്ഥാപകനേതാവിന്റെ കുടുംബസ്വത്ത്‌ അടക്കം സ്വന്തമാക്കാൻ നടത്തിയ കരുനീക്കങ്ങളുടെ തിരിച്ചടിയിൽനിന്ന്‌ മുക്തമാകും മുമ്പ്‌ സംസ്ഥാന നേതാവടക്കം പാർടി വിട്ടത്‌ നേതൃത്വത്തിന്‌  ഇരട്ടിപ്രഹരമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top