27 April Saturday

കൊല്ലം പാർലമെന്റ്‌ സീറ്റിൽ മാത്രം ജയിച്ചിട്ടു‌ കാര്യമില്ല; യുഡിഎഫ്‌ വിടേണ്ട സമയം അതിക്രമിച്ചെന്ന്‌ ആർഎസ്‌പി നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021



യുഡിഎഫ്‌ വിടേണ്ട സമയം അതിക്രമിച്ചെന്ന്‌ ആർഎസ്‌പി സംസ്ഥാനകമ്മിറ്റിഅംഗത്തിന്റെ ഏറ്റുപറച്ചിൽ. താഴേത്തട്ടിലെ പ്രവർത്തകരുടെ വികാരത്തെ‌ നേതാക്കൾ കണ്ടില്ലെന്നു‌ നടിക്കരുതെന്നും മുതിർന്ന നേതാവ്‌ പൊട്ടിത്തെറിച്ചു. ആർഎസ്‌പി കൂന്നത്തൂർ, ശൂരനാട്‌ മണ്ഡലം കമ്മിറ്റി യോഗത്തിൽ ജില്ലാ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുതിർന്നനേതാവിന്റെ പ്രതികരണം. എൽഡിഎഫിൽ നിന്നപ്പോൾ ഒരുമയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

യുഡിഎഫിന്റെ ഭാഗമായശേഷം ആർഎസ്‌പി ശോഷിച്ചുവെന്ന്‌ മണ്ഡലം കമ്മിറ്റികളും കുറ്റപ്പെടുത്തി. കൊല്ലം പാർലമെന്റ്‌ സീറ്റിൽ മാത്രം ജയിച്ചിട്ടു‌ കാര്യമില്ല. കോൺഗ്രസ്‌ നേതാക്കൾ  താഴേത്തട്ടിൽ പാർടിയെ തട്ടിക്കളിക്കുകയാണ്‌.

കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല‌. തദ്ദേശ തെരഞ്ഞെടുപ്പിൽ യാചിച്ചുനേടിയ സീറ്റുകൾ കോൺഗ്രസ്‌ തന്നെ കാലുവാരി തോൽപ്പിച്ചു.  കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ പവിത്രേശ്വരം, മൺറോതുരുത്ത്‌, ശാസ്‌താംകോട്ട, മൈനാഗപ്പള്ളി  എന്നിവിടങ്ങളിലെല്ലാം കോൺഗ്രസ്‌ വോട്ട്‌ മറിച്ചു. ജില്ലയിലെ ബ്ലോക്ക്,‌ ജില്ലാ പഞ്ചായത്ത്‌, കോർപറേഷൻ എന്നിവിടങ്ങളിലും ഇതായിരുന്നു സ്ഥിതിയെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാർടിയെ ചവിട്ടിമെതിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ അത്‌ ആവർത്തിക്കരുതെന്നും കമ്മിറ്റികൾ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top