19 April Friday

പട്ടാളവേഷത്തിൽ തട്ടിപ്പുകാർ; പച്ചക്കറിക്കട ഉടമയിൽ നിന്ന് 40,000 രൂപ തട്ടിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

അടിമാലി > പട്ടാള ക്യാമ്പില്‍നിന്നുള്ള ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച് അടിമാലിയില്‍ പച്ചക്കറിക്കട ഉടമയെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിലെ 40,000 രൂപ തട്ടിയെടുത്തു. കടയുടമയെ വിളിച്ച നമ്പര്‍ അസമില്‍ നിന്നുള്ളതാണെന്നാണ് സൂചന.

അടിമാലി ഇരുന്നൂറേക്കറിലെ കെവികെ പച്ചക്കറി വില്‍പ്പന കേന്ദ്രത്തിന്റെ ഉടമയുടെ അക്കൗണ്ടും അനുബന്ധ വിവരങ്ങളും വാങ്ങിയെടുത്താണ് തട്ടിപ്പ് നടത്തിയത്. ശനി ഉച്ചയോടെ ഫോണില്‍ തട്ടിപ്പുസംഘം ആദ്യം കടയുടമയെ വിളിച്ചു. മൂന്നാറില്‍ ക്യാമ്പ്‌ ചെയ്യുന്ന പട്ടാളക്കാര്‍ക്കായി 5,000 രൂപയുടെ പച്ചക്കറികൾ വേണമെന്നും വൈകിട്ടോടെ പട്ടാളവാഹനമെത്തി പച്ചക്കറികള്‍ കൊണ്ടുപോകുമെന്നും അറിയിച്ചു.

കടയുടമയെ വിശ്വാസത്തിലെടുക്കാനായി വാട്‌സാപ്‌ വീഡിയോ കോളിലൂടെ വീണ്ടും വിളിച്ചു. ഈ സമയം തട്ടിപ്പ് സംഘം ധരിച്ചിരുന്നത് പട്ടാള യൂണിഫോമിന് സമാനമായ വസ്‌ത്രങ്ങളായിരുന്നുവെന്ന് കടയുടമ പറഞ്ഞു. പച്ചക്കറിയുടെ വില നൽകാനായി കടയുടമയുടെ ബാങ്ക് അക്കൗണ്ട് നമ്പറും അനുബന്ധ വിവരങ്ങളും സംഘം ആവശ്യപ്പെട്ടു. പട്ടാള ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയിരുന്നതിനാല്‍ സംശയം തോന്നാത്ത കടയുടമ വിവരങ്ങള്‍ കൈമാറി. ഉടൻ 20,000 രൂപവീതം രണ്ട് തവണയായി അക്കൗണ്ടില്‍നിന്ന് നഷ്‌ട‌പ്പെട്ടെന്ന് കടയുടമ പറഞ്ഞു.

സമാനരീതിയില്‍ മറ്റൊരു കടയുടമയെയും ഇതേ നമ്പരില്‍നിന്ന്  ബന്ധപ്പെടാന്‍ ശ്രമിച്ചതായും വിവരമുണ്ട്. സംഭവത്തെ തുടര്‍ന്ന് കടയുടമ അടിമാലി പൊലീസിൽ പരാതി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top