24 April Wednesday

‘റോഡ്‌ സുരക്ഷയ്‌ക്ക്‌ ജനങ്ങളുടെ സഹകരണം അനിവാര്യം’ : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023


കൊച്ചി
ബോധവൽക്കരണം, നിയമപാലനം എന്നിവയിലൂടെമാത്രം സാധ്യമാകുന്നതല്ല റോഡ്‌ സുരക്ഷ ഉറപ്പാക്കലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്‌ ജനങ്ങളുടെ ഉത്തവാദിത്വബോധത്തോടെയുള്ള സഹകരണം അനിവാര്യമാണ്‌. അതുറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതവകുപ്പ്‌ നടപ്പാക്കുന്ന ‘സേഫ്‌ ക്യാമ്പസ്‌ പദ്ധതി’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത്‌ ഒന്നരലക്ഷം ജീവൻ ഒരോവർഷവും നിരത്തിൽ പൊലിയുന്നു. ഇത്‌ അങ്ങേയറ്റം ഗൗരവത്തോടെ കാണണം. 60 ശതമാനത്തിലേറെ അപകടങ്ങൾ ഇരുചക്രവാഹനങ്ങൾ മുഖേനയാണ്‌. ഈ സാഹചര്യത്തിലാണ്‌ യുവാക്കളെ ലക്ഷ്യമിട്ട്‌ പ്രത്യേക അവബോധ പരിപാടി ‘സേഫ്‌ ക്യാമ്പസ്‌’ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ്‌ സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാന സമാപനവും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു.

ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. രാജഗിരി ബിസിനസ്‌ സ്കൂളിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന റോഡ് ടു ലൈഫ് പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശിപ്പിച്ചു. ബസ്‌ഡ്രൈവർമാർക്കുള്ള റോഡ്‌ സുരക്ഷാ പരിശീലന പരിപാടി വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.

തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ, കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ, ട്രാൻസ്‌പോർട്ട് കമീഷണർ എസ്‌ ശ്രീജിത്, കലക്ടർ രേണുരാജ്‌, സിറ്റി പൊലീസ് കമീഷണർ കെ സേതുരാമൻ,  രാജഗിരി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്‌ ഡയറക്ടർ ഫാ. ഡോ. ജോസ് കുരിയേടത്ത്, കൗൺസിലർ എം ഒ വർഗീസ്, ഐഎംഎ കൊച്ചി ഘടകം പ്രസിഡന്റ്‌ ഡോ. എസ് ശ്രീനിവാസ കമ്മത്ത്, നാഷണൽ റോഡ്‌ സേഫ്റ്റി ട്രസ്റ്റ്‌ ചെയർമാൻ കെ അച്യുതൻ എന്നിവർ സംസാരിച്ചു.

വാഹനം ഓടിക്കുന്നതിൽ പുതിയ സംസ്‌കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ കലാലയങ്ങൾ കേന്ദ്രീകരിച്ച്‌ ഗതാഗതവകുപ്പും സംസ്ഥാന റോഡ്‌ സുരക്ഷാ അതോറിറ്റിയും ചേർന്ന്‌ സേഫ്‌ ക്യാമ്പസ്‌ പദ്ധതി നടപ്പാക്കുന്നത്‌.  ആദ്യഘട്ടത്തിൽ 30 ക്യാമ്പസുകളിൽ പദ്ധതി നടപ്പാക്കും. തുടർന്ന്‌ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top